
തിരുവനന്തപുരം: ശ്രീകാര്യത്ത് വീടിന് മുന്നിൽ ബഹളംവച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹോദന്മാരായ പ്രതികളെ ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തു. കട്ടേല ഞാറമൂട് സുമിവിലാസത്തിൽ സുജിത്ത് (25), കീരി കുട്ടൻ എന്ന സുധീഷ് ( 32 ) എന്നിവരാണ് പിടിയിലായത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിസങ്കേതത്തിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു. ജനുവരി ഒന്നിന് പുലർച്ചെ രണ്ടോടെ കട്ടേല ഞാറമൂട് വീട്ടിൽ വിഷ്ണുവിനെയാണ് (30) ഇവർ ആക്രമിച്ചത്. ശ്രീകാര്യം എസ്.എച്ച്.ഒ മഹേഷ് പിള്ള, എസ്.ഐ ബിനോദ് കുമാർ, ഗ്രേഡ് എസ്.ഐ അനിൽകുമാർ, ഗ്രേഡ് എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ബിനു, സി.പി.ഒ ഷാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ കാപ്പ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.