
കാട്ടാക്കട: അഞ്ച് വർഷക്കാലത്തെ ഭരണത്തിൽ കിഫ്ബിയുടെ പേരു പറഞ്ഞതല്ലാതെ ഒരു വികസനവും നടപ്പാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക് കാട്ടാക്കടയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ ആഘോഷങ്ങൾ ഇല്ലാതെയായി. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നതുപോലെ ദുഷ്ടന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടി വരും. നരേന്ദ്ര മോദി ആകാശം വിറ്റെങ്കിൽ പിണറായി വിജയൻ പണമുണ്ടാക്കാൻ കടല് വിറ്റെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. ചടങ്ങിൽ കാട്ടാക്കട സുബ്രഹ്മണ്യപിള്ള അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അടൂർ പ്രകാശ്.എം.പി, നേതാക്കന്മാരായ എൻ. ശക്തൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ബീമാപള്ളി റഷീദ്, ആർ.വി. രാജേഷ്, വണ്ടന്നൂർ സന്തോഷ്, എം. മണികണ്ഠൻ, സനൽകുമാർ, മലയിൻകീഴ് വേണുഗോപാൽ, അഡ്വ.ടി. ശരത്ചന്ദ്ര പ്രസാദ്, കെ.സി. അബു, എം.ആർ. ബൈജു, എം.എം. അഗസ്റ്റ്യൻ, വണ്ടന്നൂർ സദാശിവൻ, അൻസജിത റസൽ, ശ്രീക്കുട്ടി സതീഷ്, അനിത കുമാരി, തുടങ്ങിയവർ സംസാരിച്ചു. ജാഥയ്‌ക്ക് അഭിവാദ്യമർപ്പിച്ച് സംഘടനകളുടെ പ്രകടനങ്ങളും കാൽനട - വാഹന വിളംബര ജാഥകളും ഉണ്ടായിരുന്നു. കാട്ടാക്കടയിലെ സ്വീകരണത്തിനുശേഷം കോവളം, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ പര്യടനം നടത്തി. പാറശാലയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. നാളെ വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും.