തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കന്റോൺമെന്റ് ഹൗസിൽ നടന്ന ആശയ വിനിമയ പരിപാടിയിൽ ഉയർന്നുവന്നത് നിരവധി നിർദ്ദേശങ്ങൾ. യു.ഡി.എഫിന്റെ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനായാണ് പരിപാടി നടന്നത്. അച്യുതമേനോൻ സർക്കാരിനെപ്പോലെ സാമൂഹിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികൾക്ക് പ്രധാന്യം നൽകി മാനിഫെസ്റ്റോ തയ്യാറാക്കണമെന്ന് മുൻ കാബിനറ്റ് സെക്രട്ടറിയും മുൻ ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായ കെ.എം. ചന്ദ്രശേഖരൻ നിർദേശിച്ചു. രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെൻട്രൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ അടുത്ത പത്തുവർഷത്തെ വികസനം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് രമേശ് ചെന്നിത്തലയ്‌ക്ക് ഉടൻ കൈമാറുമെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. ഒാരോ നിയോജക മണ്ഡലത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മണ്ഡലാടിസ്ഥാനത്തിൽ ഫണ്ട് ഉണ്ടാകണമെന്ന നിർദ്ദേശമാണ് വ്യവസായ മേഖലയെ പ്രതിനിധികരിച്ച കെ.എം. നജീബ് മുന്നോട്ടുവച്ചത്. തലസ്ഥാനത്തിന്റെ വികസനത്തിനായി സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് ചേംബർ ഒഫ് കൊമേഴ്സ് പ്രതിനിധി രഘുചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി. മലയാള ഭാഷ ഗവേഷണ കേന്ദ്രവും ചലച്ചിത്ര കോംപ്ലസും വേണമെന്ന് ഡോ. എം.ആർ. തമ്പാനും സാംസ്‌കാരിക സർവകലാശാല സ്ഥാപിക്കണമെന്ന് പ്രൊഫസർ വൈക്കം വേണുഗോപാൽ, ഡോ. ബി. അരുന്ധതി എന്നിവരും പറഞ്ഞു. അറബിക് സർവകലാശാല വേണമെന്ന് എം. നാസർ കടയറയും വിദ്യഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എഴുത്തുകാരൻ ശശിഭൂഷണും തിരുവനന്തപുരത്തിന്റെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക വകുപ്പ് വേണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എയും നിർദ്ദേശിച്ചു. ഡോ. ബെറ്റി മോൾ മാത്യു, പെരുമ്പടവം ശ്രീധരൻ, ജി. വിജയരാഘവൻ, അച്യുത് ശങ്കർ, പി.കെ. രാജശേഖരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വിദഗ്ദ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് ശശി തരൂർ എം.പി അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവരും പങ്കെടുത്തു.