
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർത്ഥികളോട് ചർച്ച നടത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറാകേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനേയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനേയും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ.ജോസും മനോജ് എബ്രഹാമുമാണോ കേരളം ഭരിക്കുന്നതെന്നും അവരാണോ നയം തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഏകാധിപത്യസ്വഭാവം മൂലമാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം മൂലമാണ് സമരം നീളുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ സർക്കാർ വഞ്ചിച്ചു. മൂന്ന് ലക്ഷം പേരെയാണ് പിൻവാതിലിലൂടെ നിയമിച്ചത്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ ഈ പിൻവാതിൽ നിയമങ്ങൾ മാറ്റിപ്പരിശോധിക്കും. കേരളത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് എം.എൽ.എമാർ നിരാഹാരം കിടക്കുമ്പോൾ സഭാ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകേണ്ടതായിരുന്നു. സ്‌പീക്കറും ഒന്നു വിളിച്ച് ചോദിച്ചില്ല. പാർലമെന്ററി കാര്യ മന്ത്രി പോലും എം.എൽ.എമാരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.