
കൊലക്കുറ്റം ചുമത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച്
കുടുംബത്തിൽ പതിനഞ്ച് വർഷത്തിനിടെ നടന്നത് 7 മരണങ്ങൾ
തിരുവനന്തപുരം: പതിനഞ്ച് വർഷത്തിനിടെ ഏഴു ദുരൂഹ മരണങ്ങൾ നടന്ന കരമന കൂടത്തിൽ കുടുംബത്തിൽ അവസാനം നടന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമെന്ന് ജില്ല ക്രൈംബ്രാഞ്ചിൻെറ കണ്ടെത്തൽ. സ്വാഭാവിക മരണമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ കൊലക്കുറ്റം ചുമത്താൻ അനുമതിതേടി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി.
കാര്യസ്ഥൻ രവീന്ദ്രൻനായരെ വീണ്ടും ചോദ്യം ചെയ്യും. തെളിവുകൾ വിലയിരുത്തിയശേഷം പ്രതിചേർക്കുന്നതിൽ തീരുമാനമെടുക്കും.
കുടുംബത്തിന്റെ 100 കോടി വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളും ജയമാധവൻ നായരുടെ മരണശേഷം രവീന്ദ്രൻ നായരും അകന്ന ബന്ധുക്കളും പങ്കിട്ടെടുത്തതോടെയാണ് മരണങ്ങളിൽ ദുരൂഹത തോന്നി നാട്ടുകാരനായ അനിൽകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മരണത്തിന് മുമ്പ് സ്വത്തുക്കൾ വിൽക്കാൻ ജയമാധവൻനായർ തനിക്ക് അനുമതിപത്രം നൽകിയെന്നാണ് രവീന്ദ്രൻനായർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.ഇത് തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
തുടർന്ന് സ്വത്ത് തട്ടിയെടുക്കൽ കേസിൽ രവീന്ദ്രൻ നായർക്ക് കുറ്റപത്രം നൽകാൻ തീരുമാനിച്ചെങ്കിലും തെളിവ് ശേഖരണം പൂർത്തിയാകാത്തതിനാൽ വൈകുകയാണ്.
നാടിനെ ഞെട്ടിച്ച കോഴിക്കോട് കൂടത്തായി മോഡൽ കൊലപാതക പരമ്പരയ്ക്ക് സമാനമായ തരത്തിലാണ് 'കൂടത്തിൽ' തറവാട്ടിലെ മരണങ്ങളും സംഭവിച്ചത്.
മരിച്ച ഏഴുപേർ
ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയമാധവൻ നായർ
ഒഴിയാത്ത ദുരൂഹത
2017 ഏപ്രിൽ രണ്ടിന് അവിവാഹിതനും അറുപത്തിരണ്ടുകാരനുമായ ജയമാധവൻ നായർ കരമനയിലെ വീട്ടിൽവച്ചു മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കട്ടിലിൽനിന്ന് വീണ് അബോധാവസ്ഥയിലായിരുന്ന ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചെന്ന് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന ഓട്ടോ വിളിക്കാതിരുന്നതിൽ ദുരൂഹത.
2019 ഒക്ടോബർ 27ന് വിൽപത്രം പുറത്തുവന്നു. വസ്തുവകകൾ വിൽക്കാൻ തനിക്ക് അധികാരം തന്നെന്ന്കാര്യസ്ഥൻ.
മൊഴികളിലെ വൈരുദ്ധ്യം
മരണം സ്ഥിരീകരിച്ചശേഷം താനും വീട്ടുജോലിക്കാരി ലീലയും കരമന സ്റ്റേഷനിൽ പോയെന്നും പിന്നീട് ലീല കൂടത്തിൽ തറവാട്ടിലേക്ക് മടങ്ങിയെന്നും രവീന്ദ്രൻനായരുടെ മൊഴി
സ്റ്റേഷനിൽ പോയില്ലെന്നും തന്നോട് വീട്ടിൽ പോകാൻ രവീന്ദ്രൻനായർ പറഞ്ഞെന്നും ലീലയുടെ മൊഴി.
ജയമാധവൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവർ സുമേഷ് പിന്നീട് മൊഴി മാറ്റി.
ആശുപത്രിയിൽ പോയിട്ടില്ലെന്നും അഞ്ച് ലക്ഷം രൂപ രവീന്ദ്രൻനായർ വാഗ്ദാനം ചെയ്തതുകൊണ്ടാണ് കള്ളം പറഞ്ഞതെന്നും രണ്ടാമത്തെ മൊഴി.