
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനും നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുമായി ചർച്ച നടത്തിയശേഷമാണ് തീരുമാനം.സർക്കാരിൽ നിന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത് പോലെ രേഖാമൂലമുള്ള ഉറപ്പ് നൽകിയതിന് ശേഷമേ സമരത്തിൽ നിന്ന് പിന്മാറൂവെന്ന് നേതാക്കൾ അറിയിച്ചു.ഒരാഴ്ചയായി നിരാഹാരം തുടരുന്ന രണ്ട് നേതാക്കളോടും ആരോഗ്യ നില വഷളായതിനാൽ ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശിച്ചെങ്കിലും വഴങ്ങിയില്ല.ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ,എം.കെ രാഘവൻ,ഡീൻ കുര്യോക്കോസ്, നേതാക്കളായ പി.സി വിഷ്ണുനാഥ് ,ജി.ദേവരാജൻ,എം.എം ഹസൻ തുടങ്ങിയവർ സമര പന്തൽ സന്ദർശിച്ചു.