
തിരുവനന്തപുരം: മാദ്ധ്യമ രംഗത്തെ മികവ് കണക്കിലെടുത്ത് ഈ സ്നേഹസ്‌പർശം ഫൗണ്ടേഷൻ നൽകുന്ന കലാഭവൻ മണി പുരസ്‌കാരത്തിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാറിനെ തിരഞ്ഞെടുത്തു. നടൻ ജഗദീഷ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡോ.ഗോപകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്. വിവിധ മേഖലകളിലെ മികവ് കണക്കിലെടുത്ത് വി.കെ. പ്രശാന്ത് എം.എൽ.എ, നടനും എം.എൽ.എയുമായ മുകേഷ് എന്നിവരുൾപ്പെടെയുള്ളവർക്കും പുരസ്‌കാരം സമ്മാനിക്കും.
മാർച്ച് ആറിന് വൈകിട്ട് നാലിന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ജോർജ് ഓണക്കൂർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സ്‌നേഹസ്പർശം ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവും സെക്രട്ടറി ശാന്തകുമാറും അറിയിച്ചു.