karanthapuzha

പേരാമ്പ്ര: പ്രദേശവാസികൾക്കും ടൂറിസ്റ്റുകൾക്കും ആശ്വാസമായി കടന്തറപുഴ സംരക്ഷണത്തിന് ഒരു കോടി രൂപ വകയിരുത്തി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ബജറ്റ്. അതിശക്തമായ അടിയൊഴുക്ക് കാരണം പലപ്പോഴും ദുരന്തമേഖലയായ ഇവിടെ നിരവധി ഫല വൃക്ഷങ്ങൾ കടപുഴകി കർഷകർക്ക് ലക്ഷങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുക. പുഴത്തീരം ഇടിയുന്നത് മൂലം ചെമ്പനോട മേഖലയിൽ കർഷകരുടെ ഭൂമി നഷ്ടമാകുന്നതിന് പരിഹാരമായാണ് 6.5 കിലോമീറ്റർ ദൂരം പുഴത്തീരം കെട്ടിസംരക്ഷിക്കാൻ ഭരണ സമിതി പദ്ധതി തയ്യാറാക്കിയത്. ബാംബു കോർപറേഷന്റെ സഹകരണത്തോടെ പുഴത്തീരത്ത് മുള വെച്ചുപിടിപ്പിക്കാനും പഞ്ചായത്ത് ബജറ്റിൽ വിഭാവനം ചെയ്യുന്നു. 43.65 കോടി വരവും 43.43 കോടി ചിലവും 22.60 ലക്ഷം മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചത്.

പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ശുദ്ധജല വിതരണത്തിന് 16 കോടിയുടെ ജലജീവൻ പദ്ധതി നടപ്പാക്കുന്നതിന് 88 ലക്ഷം രൂപ പഞ്ചായത്ത് വിഹിതമായി ബജറ്റിൽ വകയിരുത്തി. രണ്ട് കോടി ചെലവിൽ പുതിയ പഞ്ചായത്ത് ഓഫീസും വന്യമൃഗശല്യം തടയാൻ വനം വകുപ്പുമായി ചേർന്ന് 35 ലക്ഷം രൂപ ചിലവഴിച്ച് സോളാർ വേലിയും നിർമ്മിക്കും. പഞ്ചായത്ത് പരിധിയിൽ 500 എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയുമായി സഹകരിച്ച് നിലാവ് പദ്ധതി നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. പ്രധാന ടൗണുകളിൽ 75 വിളക്കുകളും ഗ്രാമ പ്രദേശങ്ങളിൽ 425 വിളക്കുകളും സ്ഥാപിക്കും. സമഗ്ര ക്ഷീര വികസനത്തിനായി അരക്കോടിയും കാൻസർ ബാധിതരെ മുൻകൂട്ടി കണ്ടെത്താനായി സ്‌ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കാനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചു. പഞ്ചായത്തിലെ 25 അങ്കണവാടികൾ 30 ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിൽ സൗന്ദര്യ വത്കരിക്കും. വ്യവസായ യൂണിറ്റ് തുടങ്ങുന്നതിന് സ്ഥലം വാങ്ങാൻ 25 ലക്ഷവും എയിഡഡ് സ്‌കൂളുകളിൽ ശൗച്യാലയം നിർമ്മിക്കാൻ 20 ലക്ഷവും നീക്കിവെച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 20 കോടിയുടെ പദ്ധതികൾക്കും പഞ്ചായത്ത് രൂപം നൽകിയിട്ടുണ്ട്. റോഡ് വികസനത്തിന് രണ്ട് കോടി രൂപ പദ്ധതിയിനത്തിലും എട്ട് കോടി രൂപ തൊഴിലുറപ്പിലും വകയിരുത്തി. പട്ടികവർഗ്ഗക്കാർക്കായി പശുവും കാലിത്തൊ ഴുത്തും പദ്ധതി നടപ്പാക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അദ്ധ്യക്ഷത വഹിച്ചു.