
പൂവാർ: ഫിഷിംഗ് ബോട്ട് പൂവാർ തീരത്തേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ബോട്ട് കടലിലേക്ക് തിരിച്ചിറക്കാൻ കഴിയാതെ നഷ്ടങ്ങളുടെ കണക്ക് നിരത്തി വിലപിക്കുകയാണ് ബോട്ടുടമ. ഇക്കഴിഞ്ഞ 18 നാണ് സ്രാങ്ക് (ഡ്രൈവർ) ഉറങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം തെറ്റി ബോട്ട് തീരത്തേക്ക് ഇടിച്ചു കയറിയത്. 10 മത്സ്യത്തൊഴിലാളികളുമായി കൊല്ലം ശക്തികുളങ്ങര നിന്നും തിമിഴ്നാട് കുളച്ചലിലേക്ക് പോവുകയായിരുന്ന 'മറിയം' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് തൊഴിലാളികൾക്ക് നിസാര പരിക്കുകൾ പറ്റിയിരുന്നു.
ബോട്ട് തിരിച്ചിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ബോട്ടിന്റെ അടിഭാഗം മണലിൽ താഴ്ന്ന് പോയതാണ് കാരണം. ജെ.സി.ബി ഉപയോഗിച്ച് അടിഭാഗത്തെ മണൽ നീക്കിയ ശേഷം മറ്റ് രണ്ട് ബോട്ടുകൾ ഉപയോഗിച്ച് വലിച്ചിറക്കാൻ ശ്രമിച്ചിട്ടും റോപ്പ് പൊട്ടിയതല്ലാതെ മറ്റ് പ്രയോജനമുണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു. 'ഖലാസി'കളെ ഉപയോഗിച്ചും ശ്രമം തുടർന്നു. എന്നിട്ടും ബോട്ട് കര കയറ്റനാകാത്തതിനാൽ പൊളിച്ചു നീക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബോട്ടുടമ.
95 അടി നീളവും 40 അടി വീതിയുമുള്ള ഫിഷിംഗ് ബോട്ടിന് 1.5 കോടി രൂപയാണ് നിർമ്മാണ ചെലവ്. മത്സ്യം വിറ്റുകിട്ടുന്നതിന്റെ 45 ശതമാനം തൊഴിലാളികൾക്കുള്ളതാണ്. ബാക്കി വരുന്ന 55 ശതമാനത്തിൽ നിന്നാണ് ബാങ്ക് ലോൺ അടയ്ക്കേണ്ടതും തുടർട്രിപ്പിനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതെന്നും ബോട്ടുടമയായ ഇഗ്‌നേഷ്യസ് ലയോള പറയുന്നു. 16 തൊഴിലാളികളുടെ ഉപജീവന മാർഗം നിലച്ചിട്ടും, ബോട്ടുടമക്ക് 2 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ഫിഷറീസ് ഡിപ്പാർട്ട്മെന്റ് അറിഞ്ഞ ഭാവം കാണിക്കുന്നില്ലെന്ന് ബോട്ടുടമ പരാതി പറയുന്നു.