siberia

വടക്കൻ റഷ്യയിലെ സൈബീരിയയിൽ നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന മണ്ണുണ്ട്. പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന 'പെർമാഫ്രോസ്റ്റ്' എന്നറിയപ്പെടുന്ന ഈ മണ്ണിൽ മറഞ്ഞിരിക്കുന്ന പുരാതന ജീവികളിൽ പുതിയ ഗവേഷണ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകർ. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ.

സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പദ്ധതിയ്ക്ക് പിന്നിൽ. വെക്ടറിനെ കൂടാതെ യുകുറ്റ്സ്ക് യൂണിവേഴ്സിറ്റിയും ഗവേഷണത്തിൽ പങ്കാളിയാകുന്നുണ്ട്. പുരാതന വൈറസുകളുടെ ലോകത്തെ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെർമാഫ്രോസ്റ്റ് മണ്ണുമായി ഇടകലർന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകൾ പുറത്തെത്തുകയും ചെയ്യും. ഇതുയർത്തുന്ന ഭീഷണിയിലേക്കാണ് പഠനം വിരൽ ചൂണ്ടുന്നത്. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല.

പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് പെർമാഫ്രോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത്. മഞ്ഞുരുകലിന്റെ ഫലമായി മൺമറഞ്ഞ ഏതാനും ജീവികളുടെ ഫോസിലുകൾ ഇവിടെ നിന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴി‌ഞ്ഞിട്ടുണ്ട്. ഇത്തരം ജീവികളിൽ നിലനിന്നിരുന്ന പുരാതന വൈറസുകളെ കുറിച്ച് വിശദമായി പഠിക്കാനാണ് പുതിയ പഠനം.

2009ൽ വടക്ക് കിഴക്കൻ സൈബീരിയിലെ യാകുതിയ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മാമത്ത്, നായ, കരണ്ടുതീനികൾ തുടങ്ങി പ്രാചീന കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങൾ പഠനവിധേയമാക്കും. ഇത്തരം ജീവികളിലെ വൈറസുകളെ പാലിയോ വൈറസുകളെന്നാണ് പറയുന്നത്. നേരത്തെ ഈ ജീവികളിലെ ബാക്ടീരിയകളെ സംബന്ധിച്ച് പഠനം നടത്തിയിരുന്നു.

ആദിമ ജീവികളുടെ അവശിഷ്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന കോശങ്ങളിൽ നിന്ന് ജീനോം സീക്വൻസിംഗ് മുതൽ ന്യൂക്ലിക് ആസിഡുകളെ വേർതിരിക്കുന്ന പ്രക്രിയകൾ വരെ ഗവേഷകർ നടത്തും. പുരാതന ജീവികൾക്കൊപ്പം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ വൈറസുകളെയും കണ്ടെത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാമത്തുകളെയാണ് പ്രധാനമായും പഠനത്തിന് ലക്ഷ്യമിടുന്നത്. പെർമാഫ്രോസ്റ്റിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ മൈനസ് 16 മുതൽ മൈനസ് 18 ഡിഗ്രി സെൽഷ്യസ് വരെയാണ് സൂക്ഷിക്കേണ്ടത്.

സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിൽ അതീവ സുരക്ഷാവലയത്തിൽ പ്രവർത്തിക്കുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. വസൂരി, മാർബർഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വികസിപ്പിക്കുന്നതിലും അവയുടെ വാക്സിൻ ഗവേഷണത്തിലും വെക്ടർ ലോകത്ത് മുൻനിരയിലുണ്ടായിരുന്നു. പല മാരക രോഗത്തിനും ഹേതുവായ വൈറസുകളെ ഇപ്പോഴും വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

1974ൽ പ്രവർത്തനമാരംഭിച്ച ഈ ലാബ് ജൈവായുധങ്ങൾ നിർമ്മിക്കാൻ വേണ്ടിയാണ് സോവിയറ്റ് യൂണിയൻ നിർമ്മിച്ചതെന്നാണ് പൊതുവേ പറയപ്പെടുന്നത്. പിന്നീട്, ബുബോണിക് പ്ലേഗ്, ആന്ത്രാക്സ്, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി, സാർസ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിലേക്ക് വെക്ടർ തിരിഞ്ഞു. വസൂരി വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണ് വെക്ടർ. മറ്റൊന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ്. കൊവിഡിനെതിരെ റഷ്യ അംഗീകാരം നൽകിയ രണ്ടാമത്തെ വാക്സിനായ 'എപിവാക് കൊറോണ' വികസിപ്പിച്ചതും വെക്ടറിലാണ്.