
സൂര്യപ്രകാശത്തിന്റെ കാഠിന്യംകൊണ്ടുണ്ടാകുന്ന ചർമ്മരോഗങ്ങളെ എങ്ങനെ തുരിച്ചറിയാമെന്ന് നോക്കാം. ഇതിനായി രോഗിയുടെ അസുഖത്തിന്റെ കാലയളവ്,സ്വഭാവം തുടങ്ങി വിശദമായിത്തന്നെ വിവരങ്ങൾ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം. കാരണം, ചില ജനിതക രോഗങ്ങളുള്ളവരിൽ ഈ രോഗലക്ഷണങ്ങൾ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറത്ത്, കൂടുതൽ വെയിലേൽക്കുന്ന പ്രദേശങ്ങളിൽ ജോലി എടുക്കുന്നവർക്ക് അസുഖം വരാനുള്ള സാദ്ധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാർത്ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചർമ്മരോഗം വന്നത് എന്ന് തീർച്ചയായും അന്വേഷിക്കേണ്ടതാണ്.
പരിശോധന
ശരീരം മുഴുവൻ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയിൽ അധികം കൊള്ളാത്ത ഇടങ്ങളായ കൺപോളകൾ, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ് വശം ഇവിടെയൊന്നും തടിപ്പുകൾ കാണപ്പെടാനിടയില്ല. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ഇത് സൂര്യരശ്മി ഏൽക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങൾ ശരിയായി പരിശോധിച്ചാൽ, ഇത് ഏത് വിഭാഗത്തിൽപ്പെട്ട ഫോട്ടോ ഡെർമറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും.
എന്നിട്ടും ശരിയായ ഒരു തീരുമാനത്തിലെത്താനായില്ലെങ്കിൽ എത്താനായില്ലെങ്കിൽ ബയോപ്സി ചെയ്താൽ രോഗം കണ്ടുപിടിക്കാൻ സാധിക്കും. അതിന്റെ കൂടെ രക്തപരിശോധനയും നടത്തണം. രോഗനിർണ്ണയത്തിന് ഇത്തരം പരിശോധനകൾ വളരെ സഹായകമാണ്.
ചികിത്സ
രോഗിയെ പറഞ്ഞു മനസ്സിലാക്കുകയാണ് ഇതിൽ പ്രധാനം.
രാവിലെ പത്തിനും വൈകിട്ട് നാല് മണിക്കും ഇടയിലെ വെയിൽ ഒഴിവാക്കാൻ ഉപദേശിക്കുക. കഠിനമായ സൂര്യരശ്മികൾ അധികമുള്ള സമയമാണിത്. കുട, തൊപ്പി, സൺഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടൺ ഉടുപ്പുകൾ, കടുത്ത നിറമുള്ള തുണികൾ ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സാധാരണ ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചാൽ മാരകമായ ആ രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സൺസ്‌ക്രീനുകൾ ഉപയോഗിക്കുക. വെയിലേൽക്കുന്ന ഭാഗങ്ങളിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബോഡി ലോഷനും ക്രീമും പുരട്ടുന്നത് ഗുണംചെയ്യും.
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നതും നല്ലതാണ്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ വേനൽക്കാല രോഗങ്ങളിൽ നിന്ന് രക്ഷിക്കാനാകും.
ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്
എസ്. യു. ടി ആശുപത്രി
പട്ടം, തിരുവനന്തപുരം.