kadakampally-surendran

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടിയാലും ജോലി ലഭിക്കില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം ഞെട്ടിച്ചെന്ന് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധിയായ ലയ രാജേഷ് അടക്കം മൂന്നുപേർ ഇന്നലെ രാവിലെ 6.45ന് സ്വമേധയാ മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെത്തി കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. റാങ്ക് പട്ടികയിൽ എത്രാമതാണെന്ന് മന്ത്രി ലയയോട് ചോദിച്ചു. 568 എന്നു മറുപടി നൽകി. പത്ത് വർഷത്തേക്ക് ലിസ്റ്റ് നീട്ടിയാലും ജോലി കിട്ടുന്ന സാഹചര്യമാണോയെന്നും പിന്നെന്തിനാണ് സമരം നടത്തുന്നതെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ സമീപനത്തിൽ അങ്ങേയറ്റം സങ്കടമുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

അവ‌‌ർക്ക് കുറ്റബോധം:

കടകംപള്ളി

സംഘടനാ നേതാക്കളാണെന്ന് കരുതിയല്ല ഉദ്യോഗാർത്ഥികളുമായി സംസാരിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. നല്ലത് മാത്രം ചെയ്ത സർക്കാരിനെ മോശമാക്കാൻ ശത്രുക്കളുടെ കൈയിലെ കരുവായി മാറിയില്ലേ എന്നാണ് ചോദിച്ചത്. നിങ്ങളുടെ മനഃസാക്ഷിക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്‌തോളൂവെന്നും പറഞ്ഞു. കുറ്റബോധത്തിൽ നിന്നുള്ള സങ്കടമാണ് അവർക്കുണ്ടായത്.

പി.എസ്.സി റാങ്ക് ലിസ്റ്റിലെ മുഴുവൻപേരെയും നിയമിച്ച ചരിത്രമില്ല. ഒഴിവനുസരിച്ചല്ലേ നിയമനം നടക്കൂവെന്നും ചോദിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ കളിപ്പാവ ആയെന്ന തന്റെ പരാമർശത്തിൽ ഉദ്യോഗാർത്ഥികൾക്ക് കുറ്റബോധം തോന്നിയതാവും സങ്കടം വരാൻ കാരണം. അനുവാദം വാങ്ങിയിട്ടോ താൻ ആവശ്യപ്പെട്ടിട്ടോ അല്ല വന്നുകണ്ടത്. റാങ്കുപട്ടിക സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ളത്ര ധാരണ തനിക്കില്ലെന്നും മന്ത്രി പറഞ്ഞു.