russia

സ്പുട്നികിനും എപിവാക് കൊറോണയ്ക്കും പിന്നാലെ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കുകയാണ് റഷ്യ. ചുമക്കോവ് സെന്റർ വികസിപ്പിച്ച വാക്സിന് ' കൊവിവാക് ' എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റ് രണ്ട് വാക്സിനുകളെ പോലെ തന്നെ കൊവിവാകിനും വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മുമ്പാണ് ആഭ്യന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്.

മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക് V വാക്സിന് അവസാന ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുന്നേ അനുമതി നൽകിയത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, നിലവിൽ സ്പുട്നികിന്റെ പരീക്ഷണങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യയിലും സ്പുട്നികിന്റെ ക്ലിനിക്കൽ പരീക്ഷണൾ പുരോഗമിക്കുകയാണ്. റഷ്യയിൽ സെപ്റ്റംബറിൽ അംഗീകാരം ലഭിച്ച സ്പുട്നികിന്റെ വൻ തോതിലുള്ള വാക്സിനേഷൻ ഡിസംബർ മുതലാണ് ആരംഭിച്ചത്.

പ്രാരംഭഘട്ട ട്രയലുകളിൽ നിന്ന് 91.4 ശതമാനം ഫലപ്രാപ്തി സ്പുട്നികിന് കണ്ടെത്തിയിരുന്നു. ഇതുവരെ രണ്ട് ദശലക്ഷം റഷ്യക്കാർക്ക് സ്പുട്നിക് വാക്സിന്റെ കുറഞ്ഞത് ഒരു ഡോസെങ്കിലും നൽകിയെന്നാണ് റിപ്പോർട്ടുകൾ. വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച എപ്പിവാക് കൊറോണയും ആളുകൾക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് കൊവിഡ് വാക്സിനുകളുള്ള ഏക രാജ്യം റഷ്യയാണെന്ന് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അഭിപ്രായപ്പെട്ടു.

1955ൽ സ്ഥാപിതമായ ചുമക്കോവ് സെന്റർ സെന്റ് പീറ്റേഴ്സ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്. ഓറൽ പോളിയോ വാക്സിൻ ഗവേഷണങ്ങളിൽ നിർണായക പങ്ക് വഹിച്ച സോവിയറ്റ് മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായിരുന്ന മിഖയിൽ ചുമക്കോവ് ആണ് ഇത് സ്ഥാപിച്ചത്.

നിഷ്ക്രിയമാക്കിയ, അല്ലെങ്കിൽ പകർപ്പുകളുണ്ടാക്കാനുള്ള കഴിവ് നഷട്പ്പെടുത്തിയ കൊറോണ വൈറസിനെയാണ് കൊവിവാകിൽ ഉപയോഗിച്ചിരിക്കുന്നത്. കൊവിവാകിൽ വൈറസിന്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടുന്നതിനാൽ വിവിധ തരത്തിലുള്ള വകഭേദങ്ങളിൽ നിന്ന് പരിരക്ഷിക്കാൻ തക്ക രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാൻ കഴിവുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. എന്നാൽ, യു.കെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ വകഭേദങ്ങളിൽ കൊവിവാക് ഫലപ്രദമാണോ എന്ന് ഇനി ഗവേഷണങ്ങൾ നടത്തുകയേ ഉള്ളൂ. 14 ദിവസത്തെ ഇടവേളകളിലായി രണ്ട് ഡോസുകളാണ് കൊവിവാക്സിനുള്ളത്. സാധാരണ റഫ്രിജറേറ്റർ താപനിലയിൽ ( 2 - 8 ഡിഗ്രി സെൽഷ്യസ് ) കൊവിവാക് സൂക്ഷിക്കാം.

കൊവിവാകിന്റെ ആദ്യഘട്ട ട്രയൽ സെപ്റ്റംബർ 21ന് തുടങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. 200 ഓളം പേരിൽ പരീക്ഷിച്ച കൊവിവാകിന് ആദ്യഘട്ടത്തിൽ പ്രതികൂല ഫലങ്ങൾ ഒന്നും പ്രകടമായില്ലെന്ന് അധികൃതർ പറയുന്നു. ദേശീയ തലത്തിലെ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള കൊവിവാകിന്റെ ആദ്യ 120,000 ഡോസുകൾ മാർച്ചിലാണ് പുറത്തിറക്കുന്നത്.