r

കടയ്ക്കാവൂർ: കടയ്ക്കാവൂർ - ചിറയിൻകീഴ് റോഡ് പുനർ നിർമ്മാണം എങ്ങുമെത്തുന്നില്ല. കടയ്ക്കാവൂർ- പെരുങ്ങേറ്റുമുക്ക് മുതൽ കടയ്ക്കാവൂർ ബീച്ചു റോഡ് വരെ രണ്ട് കിലോമീറ്റർ മാത്രം ദൂരമുളള റോഡിൻെറ അറ്റകുറ്റ പണികൾക്കായി ജെ.സി.ബി ഉപയോഗിച്ച് ടാർ ഇളക്കി മാറ്റിയിട്ട് മാസം നാലുകഴിഞ്ഞു. പണി തുടങ്ങി ദിവസങ്ങൾക്കകം നിറുത്തിവച്ചു. യാത്രക്ലേശം രൂക്ഷമായപ്പോൾ നാട്ടുകാരോടൊപ്പം ബി.ജെ.പിയും കോൺഗ്രസും പ്രക്ഷോഭം നടത്തി. തുടർന്ന് പണി പുനരാരംഭിച്ചെങ്കിലും ഒച്ച് ഇഴയുന്ന വേഗത്തിൽ പോലും പണി നടക്കുന്നില്ല. റോഡ് പൂർണമായി അടച്ചിട്ട് പണിതീർക്കാതെ ഇട്ടിരിയ്ക്കുന്നതിനാൽ യാത്രക്കാർ നന്നേവിഷമിക്കുന്നു. ഇടുങ്ങിയ റോഡുകളിൽ കൂടി കിലോമിറ്ററോളം ചുറ്റി കറങ്ങിയാണ് സർവീസ് ബസ്സുകളും മറ്റ് വാഹനങ്ങളും ഓടുന്നത്. അടിയന്തിരമായി റോഡിന്റെ പണിതീർക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ദുരിതം പേറി ജനം

ചിറയിൻകീഴ് താലൂക്ക് ആശുപത്രയിലും മറ്റും പോകുന്ന രോഗികളുടെ കാര്യമാണ് കഷ്ടം. ഇടുങ്ങിയതും ഘട്ടർനിറഞ്ഞതുമായ റോഡുകളിൽ കൂടി ആശുപത്രിയിലെത്തുമ്പോഴേയ്ക്കും രോഗം മൂർച്ചിരിക്കും. പണിനടത്തേണ്ട റോഡിൽ ടാർ ഇളക്കിയിട്ടിരിക്കുന്നതിനാൽ പൊടി ശല്ല്യം കാരണം സമീപവീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ഇരിയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. പണിനടക്കേണ്ട റോഡരികിൽ വർക്ക് ഷോപ്പുകളും കച്ചവടസ്ഥാപനങ്ങളും പലതുണ്ട്. വാഹനങ്ങൾക്ക് കടന്ന് വരാൻ കഴിയാത്തതിനാൽ ഇവരെല്ലാം വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്.