ആറ്റിങ്ങൽ: കാർഷിക - ഉത്പാദക മേഖലകൾക്ക് ഊന്നൽ നൽകി ആറ്റിങ്ങൽ നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അവതരിപ്പിച്ചു.
അഞ്ചു വർഷംകൊണ്ട് കാർഷിക വികസന മേഖലയിലും ഉത്പാദക മേഖലയിലും പതിനായിരം പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന അവകാശ വാദവും ബഡ്ജറ്റിലുണ്ട്.

തിരുവനന്തപുരം മുതൽ പള്ളിപ്പുറം വരെ നീളുന്ന മെട്രോ ട്രെയിൻ പദ്ധതി ആറ്റിങ്ങൽ വരെ നീട്ടി ആറ്റിങ്ങൽ സ്റ്റാർട്ടിംഗ് പോയിനന്റാക്കുക,​ കൊല്ലമ്പഴയിൽ ഹെറിറ്റേജ് - ഇൻലാന്റ്​ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുക,​ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മാറ്റി സ്ഥാപിക്കുക,​ നിലവിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പാർക്കിംഗ് സൗകര്യത്തോടെ ഷോപ്പിംഗ് കോംപ്ലക്സാക്കുക,​ സാനിട്ടറി ലാൻഡിംഗ് പദ്ധതി പൂർത്തീകരിച്ച് മാലിന്യ പരിപാലന കേന്ദ്രത്തെ ലോകോത്തര മാതൃകയാക്കുക,​ കാർഷിക വികസന ഭാഗമായി സ്വന്തമായി കൊയ്ത്ത് മെതിയന്ത്രം വാങ്ങുക,​ എൻജിനിയറിംഗ് ബിരുദ്ധധാരികളുടെ സൊസൈറ്റികൾ രൂപീകരിച്ച് വിപുലമായ തൊഴിൽ സാദ്ധ്യത ഉറപ്പാക്കുക,​ കലാഗ്രാമം - കളിക്കളം പദ്ധതി നടപ്പാക്കുക,​ വലിയകുന്ന് ആശുപത്രിയിൽ പേ വാർഡ് സംവിധാനം കൊണ്ടുവരിക തുടങ്ങിയവയ്ക്കായി തുക നീക്കി വച്ചിട്ടുണ്ട്.

ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷതവഹിച്ചു. ഇന്ന് രാവിലെ 11 ന് ബഡ്ജറ്റിൻ മേലുള്ള ചർച്ച നടക്കും.

പ്രതിഷേധിച്ചു

ജനാധിപത്യ നിയമങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ആരോപിച്ച് ബഡ്ജറ്റ് അവതരണത്തിന് മുൻപ് ബി.ജെ.പി കൗൺസിലറും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ എസ്. സന്തോഷ് പ്രതിഷേധിച്ചെങ്കിലും അത് വകവയ്ക്കാതെ വൈസ് ചെയർമാൻ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു. വികസന സെമിനാറുകൾക്ക് ശേഷം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൂടാതെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്നായിരുന്നു സന്തോഷിന്റെ വാദം.