ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളി സംഘടനകളായ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്നലെ അർദ്ധരാത്രി ആരംഭിച്ചു. രണ്ട് സംഘടനകളുടെയും നേതാക്കളും സി.എം.ഡി ബിജു പ്രഭാകറും ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നോട്ടീസ് പ്രകാരം സമരം ആരംഭിച്ചത്.

ഏപ്രിൽ ഒന്നു മുതൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്നവിധം ഉത്തരവിറക്കണം എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം. ഏപ്രിലിൽ കാലാവധി അവസാനിക്കുന്ന സർക്കാരാണ് ജൂണിൽ ശമ്പള പരിഷ്കരണം വാഗ്ദ്ധാനം ചെയ്യുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. സർക്കാരിനോട് ആലോചിക്കാതെ പറയാൻ കഴിയില്ലെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി.

സ്വിഫ്ട് ഉൾപ്പെടെയുള്ള പരിഷ്കരണ നടപടികൾ നല്ലതാണെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ നേതാക്കൾ പണിമുടക്ക് തീരുമാനം ആവർത്തിച്ചു. സ്വിഫ്ട് ഉപകോർപ്പറേഷനാക്കണം. 100 കോടി രൂപയുടെ ക്രമക്കേട് ഉൾപ്പെടെ എല്ലാ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണം തുടങ്ങിയവയാണ് സംഘടനകളുടെ മറ്റ് ആവശ്യങ്ങൾ.