feb22b

ആ​റ്റിങ്ങൽ: അന്താരാഷ്ട്ര നിലവാരത്തിൽ ആ​റ്റിങ്ങൽ ശ്രീപാദം സ്​റ്റേഡിയം പണിയുമെന്ന് വാഗ്ദാനം ലഭിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. സ്റ്റേഡിയം നിർമ്മാണത്തിന് എത്തിച്ചിരുന്ന സാധന സാമഗ്രികൾ മാറ്റിയിട്ടും ആരും പ്രതികരിച്ചതുമില്ല.

കായിക വകുപ്പിന്റെ 9 കോടി ചെലവിട്ടാണ് 2019 ൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കിനും ഫുട്ബാൾ കളിക്കായി പുൽ മൈതാനത്തിന്റെയും നിർമ്മാണം ആരംഭിച്ചത്.

ട്രാക്ക് നിർമ്മാണത്തിനായി കുഴിയെടുത്ത് മെറ്റൽ,​ പാറപ്പൊടി,​ മണൽ ,​ സിമന്റ് എന്നിവ ചേർത്ത മിശ്രിതം സ്ഥാപിച്ചതിലെ അപാകത കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കോൺട്രാക്ടർ പണി നിറുത്തി സിന്തറ്റിക് ട്രാക്കിനുള്ള സാധന സാമഗ്രികൾ കടത്തിയതായാണ് അറിയുന്നത്.

ശ്രീപാദം സ്​റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിലച്ചത് നാട്ടുകാരായ കായികപ്രേമികൾക്കും വിദ്യാർത്ഥികൾക്കും തിരിച്ചടിയായിരിക്കുകയാണ്. മുൻപ് രാവിലെയും വൈകിട്ടും ധാരാളം പേർ സ്റ്റേഡിയത്തിൽ നടക്കാനും കാ​റ്റുകൊള്ളാനുമെത്തുമായിരുന്നു. ഇപ്പോൾ ആർക്കും പ്രവേശനമില്ല. ഇവിടെ പരിശീലനത്തിന് അവസരം നല്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അല്പം ചരിത്രം

1959 ൽ കായിക വികസനത്തിനായി കൊട്ടാരം വക 8 ഏക്കർ 15 സെന്റ് സ്ഥലം ആറ്റിങ്ങൽ അമച്വർ അത്‌ലറ്റിക് അസോസിയേഷന് കൈമാറി. സ്റ്റേഡിയം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 69 ഓടെ ഭാഗികമായി ഗ്രൗണ്ട് നിർമ്മിച്ച് പതിനാറാമത് കേരള സ്പോർട്സ് ഫെസ്റ്റ് നടത്തി.

ഇതിനിടയിൽ സ്പോർട്സ് കൗൺസിലും സ്റ്റേഡിയം നിർമ്മാണ കമ്മിറ്റിയും തർക്കമായി കോടതി കയറി.

1987ൽ സ്പോർട്സ് കൗൺസിലിന് അനുകൂലമായി കോടതി വിധി വന്നു. 2001 ൽ സ്പോർട്സ് കൗൺസിലന്റെ ആഭിമുഖ്യത്തിൽ 400 മീറ്റർ മട് ട്രാക്ക് നിർമ്മിച്ചു. സംസ്ഥാന റൂറൽ സ്പോർട്സ് ഫെസ്റ്റും സംസ്ഥാന വനിത കായിക മത്സരവും നടന്നു. 2005 ൽ 7 കോടി 75 ലക്ഷത്തി 24 ആയിരത്തി 229 രൂപ ചെലവിട്ട് സ്പോർട്സ് ക്വാർട്ടേഴ്സ് നിർമ്മിച്ചു. വിവിധ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

എന്നാൽ ട്രാക്ക് വെട്ടിക്കുഴിച്ച് താല്കാലിക സജ്ജീകരണങ്ങൾ ഒരുക്കിയാണ് ദേശീയ ഗെയിംസ് നടന്നത്. ഇതോടെ ശ്രീപാദം സ്റ്റേഡിയം തകർന്നു തരിപ്പണമായി.