
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ രൂപീകരിച്ച പ്രതീക്ഷ ബസ് ഷെൽട്ടേഴ്സിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. ഇക്കാര്യം മന്ത്രി ജി. സുധാകരനാണ് അറിയിച്ചത്. കമ്പനിയുടെ കണക്കുകൾ കൃത്യമായി തയ്യാറാക്കുകയോ സമയബന്ധിതമായി ഓഡിറ്റ് നടത്തുകയോ ചെയ്തിട്ടില്ല. 98 ബസ്‌ഷെൽട്ടറുകൾ നിർമ്മിച്ചതായി കണക്കുകളിൽ കാണുന്നുവെങ്കിലും 30 എണ്ണത്തിനുള്ള ലൈസൻസ് ഫീസ് മാത്രമാണ് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നും കമ്പനിക്ക് ലഭിച്ചത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഹൈടെക് സ്മാർട്ട് ബസ് ഷെൽട്ടറുകൾ നിർമ്മിക്കാൻ വിവിധ എം.എൽ.എമാർ നൽകിയ തുകയിൽ നിന്നു നിർമ്മാണ ഏജൻസിക്ക് മൊബിലൈസേഷൻ അഡ്വാൻസായി 44.95 ലക്ഷം നൽകിയതായി കാണുന്നുണ്ടെങ്കിലും ആധികാരിക രേഖയില്ല. ഓഡിറ്റ് നടത്തിയ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. കമ്പനി നിറുത്തലാക്കാൻ രണ്ടുവർഷം മുമ്പേ തീരുമാനമെടുത്തിരുന്നുവെങ്കിലും, സമയബന്ധിതമായി ഓഡിറ്റിംഗ് നടക്കാത്തതിനാൽ നടപടിക്രമം നീണ്ടുപോവുകയാണ്. വീഴ്ചകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കാൻ വിജിലൻസിന് ശുപാർശ നൽകിയതായി മന്ത്രി പറഞ്ഞു.