
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് സ്വകാര്യകമ്പനിയുമായി ഏർപ്പെട്ട ധാരണാപത്രത്തിൽ നിന്ന് പിന്മാറിയതിലൂടെ ഇടതുസർക്കാർ ഒഴിവാക്കിയെടുത്തത് വലിയൊരു തലവേദന. ആഗോളീകരണ, ഉദാരീകരണ പ്രക്രിയകൾക്ക് ബദൽ മാതൃക ഉയർത്തിക്കാട്ടുന്ന ഇന്ത്യൻ ഇടതുപക്ഷത്തിന് ഏറ്റവും ആശ്രയമായ കേരള ഭരണത്തിൽ നിന്നുതന്നെ, വലിയ വ്യതിചലനം സൃഷ്ടിക്കുന്ന നടപടിയുണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരുന്നില്ല.നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി പരന്നുകിടക്കുന്ന അമ്പതോളം മണ്ഡലങ്ങളിൽ സ്വാധീനമാകാനിടയുള്ള വലിയ വിവാദമാണ് ഇന്നലത്തെ തീരുമാനത്തോടെ ഇടതുപക്ഷം ചുരുട്ടിമാറ്റിയത്. സ്വകാര്യകമ്പനിയുമായി ഏർപ്പെട്ട ധാരണാപത്രത്തിലെ ചതിക്കുഴികൾ തുറന്നുകാട്ടി സർക്കാരിനെ പ്രതിരോധച്ചുഴിയിലേക്ക് തള്ളിയിട്ട പ്രതിപക്ഷത്തിന്, തിരഞ്ഞെടുപ്പുകാലത്ത് ഇത് വലിയ നേട്ടമാകുമായിരുന്നു. ബ്രുവറി- ഡിസ്റ്റിലറി ഇടപാടും സ്പ്രിൻക്ലർ ഡേറ്റാശേഖരണ കരാറും തുറന്നുകാട്ടി പോരാടിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആഴക്കടൽ മത്സ്യബന്ധന വിവാദവും ഉയർത്തിക്കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഇത് പ്രതിപക്ഷനേതാവിന്റെ വ്യക്തിഗതനേട്ടവുമായി.
ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര സമാപനം ഇന്ന് രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണനാന്ദിയാക്കാൻ യു.ഡി.എഫ് തയ്യാറെടുക്കുകയാണ്. അതിനിടയിൽ വീണുകിട്ടിയ മൂർച്ചയേറിയ ആയുധമായിരുന്നു ആഴക്കടൽ മത്സ്യബന്ധന വിവാദം.
പ്രതിപക്ഷനേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നുവെന്ന് ആദ്യം പരിഹസിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്ക് പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ കനത്തതോടെ ഒരു വേള പ്രതിരോധത്തിലേക്ക് ഉൾവലിയേണ്ടിയും വന്നു.
പരമ്പരാഗത മത്സ്യമേഖലയെ തഴുകുന്ന നയമാണ് കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങൾ പൊതുവിൽ സ്വീകരിച്ചുവരുന്നത്. ഇന്ത്യൻ സമുദ്രാതിർത്തിയിൽ 720 വിദേശ വെസ്സലുകൾക്ക് സംയുക്തസംരംഭമെന്ന നിലയിൽ അനുമതി നൽകണമെന്ന് നിർദ്ദേശിക്കുന്ന മീനാകുമാരി കമ്മിഷൻ റിപ്പോർട്ടിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പൂർണ സംരക്ഷണമുറപ്പാക്കുന്ന മത്സ്യബന്ധന നയമാണ് കേരളം പിന്തുടരുന്നതും. അതിൽ നിന്ന് വിഭിന്നമായ നീക്കം കഴിഞ്ഞ വർഷം രൂപീകൃതമായ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായതാണ് സർക്കാരിനെ കുഴപ്പത്തിലാക്കിയത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യകമ്പനിയുമായി കെ.എസ്.ഐ.എൻ.സിയും വ്യവസായവകുപ്പിന് കീഴിലെ കെ.എസ്.ഐ.ഡി.സിയും ഏർപ്പെട്ട ധാരണാപത്രങ്ങൾ, എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും അറിവോടെയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണവും സർക്കാരിനെ പ്രതിരോധത്തിലാക്കി.
സർക്കാരിന്റെ അറിവോടെയല്ല ധാരണാപത്രം ഒപ്പിട്ടതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ചാണ് ഔദ്യോഗികവസതിയിൽ കമ്പനി പ്രതിനിധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന ആരോപണംകൂടി പ്രതിപക്ഷമുയർത്തിയത്. കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങും മുമ്പ് വിവാദം അവസാനിപ്പിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം. പ്രശ്നത്തിൽ നിന്ന് തലയൂരാൻ, കെ.എസ്.ഐ.എൻ.സിയിൽ ഉദ്യോഗസ്ഥതല ഗൂഢാലോചന നടന്നുവെന്ന വാദവും ഇടതുപക്ഷം ശക്തമാക്കുകയാണ്. വകുപ്പുതല അന്വേഷണം അതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ആഴക്കടൽ വിവാദം: ധാരണാപത്രം റദ്ദാക്കിയ സർക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ പദ്ധതിയുടെ ഭാഗമായ ട്രോളർ നിർമ്മാണ കരാർ റദ്ദാക്കാൻ തീരുമാനിച്ചതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് നടപ്പില്ല. ധാരണാപത്രങ്ങൾ റദ്ദാക്കിയത് കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല.
കേരളത്തിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കുകയും ചെയ്യാനുള്ള ഗൂഢപദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. പ്രതിപക്ഷം കണ്ടെത്താതിരുന്നെങ്കിൽ മന്ത്രിസഭാ യോഗത്തിൽ ഇത് പാസ്സാക്കുമായിരുന്നു. ഉദ്യോഗസ്ഥന്മാർ മാത്രമല്ല ഉത്തരവാദികൾ. അവർ മാത്രം വിചാരിച്ചാൽ ഇത്രയൊന്നും എത്തില്ല. ഫിഷറീസ് മന്ത്രി മേഴ്സികുട്ടിഅമ്മയും വ്യവസായ മന്ത്രി ഇ.പി. ജയരാജനുമാണ് പ്രധാനപ്രതികൾ. മുഖ്യമന്ത്രിക്ക് എല്ലാ വിവരവും അറിയാമായിരുന്നു. കാര്യങ്ങൾ മറച്ചുവയ്ക്കാനാണ് സർക്കാർ ആദ്യം മുതൽ ശ്രമിച്ചത്.നിയമസഭയിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചു.അസന്റിനെകുറിച്ച് നിയമസഭയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോൻസ് ജോസഫ്, പി.ജെ. ജോസഫ്, സി.എഫ്. തോമസ് എന്നിവർക്കും മാർച്ച് മൂന്നിന് പി.കെ. ബഷീറിനും നൽകിയ മറുപടികളിൽ ഈ പദ്ധതിയെക്കുറിച്ച് മന്ത്രി ഇ.പി. ജയരാജൻ മിണ്ടിയിട്ടേയില്ല. 2019 ഒക്ടോബർ മൂന്നിന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് പദ്ധതി സംബന്ധിച്ച് കത്തെഴുതിയിരുന്നു.പദ്ധതിയെ അസന്റിൽ കൊണ്ടുവന്നതും ധാരണാ പത്രം ഒപ്പിട്ടതും കേന്ദ്രം നൽകിയ മറുപടി പരിശോധിച്ചിട്ടാണ്. 2019 ആഗസ്റ്റ് മൂന്നിന് വിശദമായ പ്രോജക്ട് ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി നൽകി. അസന്റ് 2020ൽ ധാരണാപത്രം ഒപ്പിടാനായി സമർപ്പിക്കുന്നു. 2020 ഫെബ്രുവരി 28ന് കെ.എസ്.ഐ.ഡി.സി. എം.ഡി. രാജമാണിക്യം സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ ധാരണാപത്രം ഒപ്പ് വച്ചെന്നും ചെന്നിത്തല പറഞ്ഞു.