വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2020 - 21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ലെനിൻ രാജ് അവതരിപ്പിച്ചു. 40,80,11,950 രൂപ വരവും 40,47,01,726 രൂപ ചെലവും, 33, 10, 224 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലകൾക്കായി 1,07,95,000 രൂപയും, ലൈഫ് പദ്ധതിക്കായി 3 കോടി 20 ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിയിൽ അപേക്ഷിക്കുന്ന മുഴുവൻ പേർക്കും 100 ദിവസം തൊഴിൽ നൽകുന്നതിനായി 31,52,50,000, രൂപയും, വ്യവസായ യൂണിറ്റുകൾ, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് 15,50,000 രൂപയും, മണമ്പൂർ സി.എച്ച്. സിയിൽ മരുന്ന് വാങ്ങുന്നതിനും മെയിന്റനൻസ് വർക്കുകൾക്കുമായി 31 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈദ്യുതി ക്രിമിറ്റോറിയം നിർമ്മിക്കുന്നതിന് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ അറിയിച്ചു.