
മലയിൻകീഴ് : സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച് പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ നിയോജകമണ്ഡലതല ഉദ്ഘാടനം മാറനല്ലൂർ സ്‌കൂളിൽ ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ പ്രോഗ്രാം ഹെഡ് ശ്രീനിവാസ്, പ്രിൻസിപ്പൽ ടി.എസ്. മഹേഷ് കുമാർ, ഹെഡ്മാസ്റ്റർ വി.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് ആറ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്. പൊതുജന സേവന രംഗത്തെ നവീന ആശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. താപനില, മഴ,കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദ്ദം എന്നിവയുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലൂടെ ലഭിക്കും. ww.kslub.icfoss.org എന്ന വെബ്സൈറ്റിലൂടെ ഓരോ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുമെന്ന് ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ അറിയിച്ചു.