തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാർജ്ജിൽ ഏഴുപേർക്ക് പരിക്കേറ്റു. സംസ്ഥാന - ജില്ലാ നേതാക്കളെയടക്കം പൊലീസ് വളഞ്ഞിട്ടുതല്ലി. വിഷ്‌ണു പട്ടത്താനം, ശരത്, വിനിജിത്, ചൂണ്ടിക്കൽ ഹരി, ബി.ജി. വിഷ്ണു, പ്രശാന്ത്, ജയശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ലാത്തിച്ചാർജ്ജിനിടെ അകപ്പെട്ട സിറാജ് ഫോട്ടോഗ്രാഫർ ശിവജിക്ക് പരിക്കേൽക്കുകയും കാമറ തകരുകയും ചെയ്‌തു. നിലത്തുവീണ ശിവജിയെ പൊലീസ് വളഞ്ഞിട്ട് തല്ലാൻ ശ്രമിക്കുന്നതുകണ്ട് മറ്റു ഫോട്ടോഗ്രാഫർമാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് തള്ളി അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ച് പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ പിന്മാറാതെ പൊലീസിന് നേരെ കൊടിക്കമ്പുകളടക്കം വലിച്ചെറിഞ്ഞ പ്രവർത്തകർക്ക് നേരെ മൂന്നുതവണ ഗ്രനേഡും തുടർന്ന് കണ്ണീർ വാതകവും പ്രയോഗിച്ചു. പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടുമെത്തി അക്രമം തുടർന്നതോടെയാണ് ലാത്തിച്ചാർജ്ജ് നടത്തിയത്. ലാത്തിയടിയിൽ പരിക്കേറ്റവരെ പിന്നീട് പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റ് മാർച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ട് പ്രതിഷേധാർഹമാണെന്നും സമരത്തെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹമാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യുവജന പ്രതിഷേധത്തെ അടിച്ചമർത്താനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നും നെയിംബോർഡ് ഇല്ലാത്ത യൂണിഫോം ധാരികൾ എ.ആർ. ക്യാമ്പിൽ നിന്നാണോ എ.കെ.ജി സെന്ററിൽ നിന്നാണോ വരുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, ചന്ദ്രകിരൺ, അഭിലാഷ് അയോദ്ധ്യ, ആർ. സജിത്ത്, സോബിൻ ലാൽ, അനീഷ്, കരമന പ്രവീൺ, പാപ്പനംകോട് നന്ദു, വിജിത്ത്, അനൂപ്,രാമേശ്വരം ഹരി, കിരൺ, മാണിനാട് സജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.