
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അന്തർസംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏർപ്പെടുത്താൻ പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശത്തിനെതിരാണ് അതിർത്തികൾ അടയ്ക്കുകയും കേരളത്തിൽ നിന്നു പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്ത നടപടിയെന്ന് കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിർത്തികളിൽ കണ്ടത്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി കർണാടക ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കാമെന്നാണ് കർണാടക ഡി.ജി.പി നൽകിയ ഉറപ്പ്. പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് തുടർന്നും കർണാടക സർക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.