തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ 2021–22 സാമ്പത്തിക വർഷത്തെ അന്തിമ പദ്ധതി രേഖയ്‌ക്ക് കൗൺസിൽ അംഗീകാരം. 228. 44 കോടി രൂപയുടെ പദ്ധതി രേഖയാണ് അംഗീകരിച്ചത്. 25ന് രാവിലെ 10.30ന് ബഡ്‌ജറ്റ് അവതരിപ്പിക്കും. മാർച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ബഡ്‌ജറ്റിന്മേലുള്ള ചർച്ച. പൊതുവിഭാഗത്തിൽ 121. 29 കോടി രൂപ,​ പ്രത്യേക ഘടക പദ്ധതി 37 കോടി രൂപ, പട്ടികവർഗ ഉപപദ്ധതി 75.69 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. മെയിന്റനൻസ് ഗ്രാന്റിനത്തിൽ റോഡിന് 44,70 കോടി രൂപയും റോഡിതര വിഭാഗത്തിൽ 24,60 കോടി രൂപയും. ഉത്പാദന, സേവന, പശ്ചാത്തല മേഖലകളായി തിരിച്ചാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. ഉത്പാദന മേഖലയിൽ ഹരിത ഭവനം, സമഗ്ര പുരയിട കൃഷി വികസനം, തരിശുനില കൃഷി, മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ്, ജലസമൃദ്ധി,​ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ നിരവധി പദ്ധതികളുണ്ട്. സേവന മേഖലയിൽ സ്‌മാർട്ട്സിറ്റി, ലൈഫ്, വയോജന സൗഹൃദ അനന്തപുരി തുടങ്ങിയ പദ്ധതികളും. മാലിന്യ നിർമ്മാർജനത്തിന് വാർഡ് തലത്തിൽ മിനി പ്ലാന്റ്, തീരദേശ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, വനിതാ സൗഹൃദ കേന്ദ്രങ്ങൾ, 100 വാർഡുകളിലുമായി മരാമത്ത് പ്രവൃത്തികൾക്കുള്ള തുകയും വകയിരുത്തി. സ്‌പിൽ ഓവർ പദ്ധതികൾക്കായി ഒരോ ഫണ്ടിന്റെയും 20 ശതമാനം തുക മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. സമ്പൂർണ പദ്ധതി നിർവഹണമാണ് ലക്ഷ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പദ്ധതികളുടെ പ്രാധാന്യം കണക്കിലടുത്ത് മുൻഗണനാ ക്രമത്തിൽ നടപ്പാക്കും. കൂടുതൽ ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് ഒാരോ പദ്ധതിക്കുള്ള തുക ഉയർത്താൻ സാധിക്കുമെന്നും മേയർ പറഞ്ഞു.