
റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ എന്നിവർ നിരാഹാരം തുടങ്ങി
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിവന്ന എം.എൽ.എമാരായ കെ.എസ്. ശബരീനാഥന്റേയും ഷാഫി പറമ്പിലിന്റേയും ആരോഗ്യനില മോശമായതോടെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സമരപന്തലിലെത്തി ഇരുവരുടെയും നിരാഹാര സമരം അവസാനിപ്പിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
എം.എൽ.എമാരുടെ ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സമരപ്പന്തലിലെത്തിയ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇവർക്ക് പകരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ എന്നിവർ നിരാഹാര സമരം തുടങ്ങി.
രണ്ട് എം.എൽ.എമാർ നിരാഹാരമിരുന്നിട്ട് സ്പീക്കറോ, പാർലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ലെന്നും സാമാന്യ മര്യാദയും നീതിയും പാലിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എം.എൽ.എമാരുടെ ജീവന്റെ വില മനസിലാക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.