
കോവളം: സമ്മാനമൊന്നുമില്ലെന്നു വിചാരിച്ചു കളയാൻ തുടങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പോരാത്തതിന്, ഒപ്പം എടുത്ത ഒൻപതു ടിക്കറ്റിനും സമ്മാനമുണ്ടെന്ന് അറിഞ്ഞതോടെ അടിച്ചത് ശരിക്കും ലോട്ടറി. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് ഭാഗ്യങ്ങളുടെ പരമ്പര. ഒന്നാം സമ്മാനമായ 80 ലക്ഷത്തിനു പുറമെ ഒപ്പം എടുത്ത 9 ടിക്കറ്റിനും 8000 രൂപ വീതം ലഭിച്ചത് സിറാജിന്റെ ആഹ്ളാദം ഇരട്ടിയാക്കി. വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീനിന് ലോട്ടറി ടിക്കറ്റ് എടുക്കൽ ഒരു ഹരമാണ്. കഴിഞ്ഞ 20 ലേറെ വർഷമായി ഇതു തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തിൽ മാത്രമേ സിറാജുദീൻ തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നുകണ്ട് ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേ, ടിക്കറ്റ് വിറ്റ വനിതയാണ് ഓടി എത്തി സിറാജുദീനിന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിയിച്ചത്. ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ്. സ്വന്തമായി വീട് ഇല്ലാത്ത സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. വീടും സ്ഥലവും വാങ്ങണം എന്നതാണ് ആദ്യ ആഗ്രഹം. ഷഹീറ, ഷഹീർ, ഷബീദ എന്നിവരാണ് മക്കൾ.