
തിരുവനന്തപുരം: കരമന കൂടത്തിൽ ഉമാമന്ദിരത്തിലെ അസ്വാഭാവിക മരണങ്ങളിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ നല്‍കിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറിപ്പോയി. ഇത് തുടർ നടപടികളെ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്. കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളാണ് അടുത്തത്.
രവീന്ദ്രൻ നായർക്കൊപ്പം ഈ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന മറ്റ് ചിലർക്കും അവസാനത്തെ അവകാശിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധമുണ്ടെന്നാണ് സൂചന. മരണ ദിവസം തുണികളും മറ്റ് തെളിവുകളും കത്തിക്കുന്നത് കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഇതിനു മുമ്പ് ജയപ്രകാശ് മരിച്ച ദിവസവും ഇത്തരത്തിൽ ചിലതെല്ലാം കത്തിച്ചതായി സാക്ഷിമൊഴികളുണ്ട്. ജയപ്രകാശിന്റെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.
ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയെന്ന് മൊഴി നൽകാൻ അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തെന്നാണ് ഓട്ടോക്കാരൻ പറഞ്ഞത്.മുൻ കാര്യസ്ഥനായിരുന്ന സഹദേവനും ജോലിക്കാരി ലീല അടക്കമുള്ളവർക്കും രവീന്ദ്രൻനായർ പണം നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ജയമാധവൻനായർ വാതിൽപ്പടിയിൽ തട്ടി വീണുവെന്നായിരുന്നു രവീന്ദ്രൻ നായരുടെ ആദ്യമൊഴി. പിന്നിട് വീഴ്ചയിൽ തല കട്ടിലിൽ തട്ടിയെന്നും പറഞ്ഞു. പക്ഷേ, മുറിവുകൾ ഇത്തരത്തിലുണ്ടായതല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. രക്തത്തിന്റെ അംശമുള്ള തടിയും വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.കോഴിക്കോട് കൂടത്തായി മാതൃകയിൽ ഇതിനുമുമ്പും കുടുംബത്തിൽ കൊലപാതകങ്ങൾ നടന്നോ എന്നതും പരിശോധിക്കുന്നുണ്ട്. വിവിധ കാലങ്ങളായി ഏഴ് മരണങ്ങളാണ് നടന്നത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ഗോപിനാഥൻ നായരുടെ സഹോദരൻമാരുടെ മക്കളായ ജയമാധവൻ നായർ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് അസ്വാഭാവികമായി മരിച്ചത്. 100 കോടിയോളം രൂപയുടെ സ്വത്തുക്കളായിരുന്നു ഈ കുടുംബത്തിനുണ്ടായിരുന്നത്.