
തിരുവനന്തപുരം: ഉദ്യോഗസ്ഥതല ചർച്ച നടന്നെങ്കിലും സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരം കടുപ്പിക്കാൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് അസോസിയേഷനും സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സും തീരുമാനിച്ചു.
സമരത്തിന്റെ 28-ാം ദിവസമായ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ എൽ.ജി.എസ് ഉദ്യോഗാർത്ഥികൾ അനിശ്ചിത കാല നിരാഹാരസമരം തുടങ്ങി. നേതാക്കളായ വിനീഷ്, റിജു, മനുസോമൻ എന്നിവരാണ് നിരാഹാരം തുടങ്ങിയത്.സി.പി.ഒ റാങ്ക് ജേതാക്കളും ഇന്നു മുതൽ കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ച് സമരത്തിന്റെ രൂപം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്നലെ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് സമരം ഒത്തു തീർപ്പിലെത്തിക്കാനുള്ള ശ്രമം ലാസ്റ്റ് ഗ്രേഡുകാർ നടത്തിയെങ്കിലും തീർത്തും അവഗണനാപരമായ നിലപാടാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സംസ്ഥാന നേതാവ് ലയാ രാജേഷ് പറഞ്ഞു. തങ്ങളുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇത് സർക്കാർ ഉത്തരവായി ഇറക്കാമെന്നും ഉദ്യോഗസ്ഥതല ചർച്ചയിൽ ഉറപ്പ് നൽകിയെങ്കിലും അതു പാലിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് കടുത്ത സമരത്തിലേക്കു നീങ്ങുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. ഇത്തരത്തിൽ ഉത്തരവിറങ്ങുമെന്ന് മന്ത്രി എ.കെ.ബാലനും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
സമരത്തെ തുടർന്ന് താത്കാലിക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സർക്കാർ നിറുത്തിവയ്ക്കുകയും പുതിയ തസ്തിക സൃഷ്ടിക്കുന്നതടക്കം സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യുമെന്ന നിലപാടും സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായ നടപടികളൊന്നും ഉണ്ടായില്ല. പുതിയ തസ്തിക സൃഷ്ടിക്കുകയല്ല, നിലവിലെ 3200 ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തിയാൽ മതിയെന്നതായിരുന്നു സി.പി.ഒ റാങ്ക് ലിസ്റ്റുകാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസിൽ സർക്കാർ അനുകൂല നിലപാടെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.