main-story
f

 അഡി.ചീഫ് സെക്രട്ടറി ടി.കെ. ജോസ് അന്വേഷിക്കും

 വിവാദ കമ്പനിക്ക് 4 ഏക്കർ ഭൂമി നൽകിയത് റദ്ദാക്കിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴക്കടൽ മീൻപിടിത്തത്തിന് വ്യാവസായികാടിസ്ഥാനത്തിൽ ട്രോളറുകൾ നിർമ്മിച്ച് പ്രവർത്തനം നടത്താൻ അമേരിക്കൻ കമ്പനി ഇ.എം.സി.സിയുമായി സംസ്ഥാന ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) ഒപ്പു വച്ച വിവാദ ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കി. കോർപറേഷന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണ് നടപടി.

വിവാദ ധാരണാപത്രത്തിലേക്കു നയിച്ച കാര്യങ്ങൾ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമാകും മറ്റ് നടപടികൾ. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. അതേസമയം, അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി അസന്റ് 2020-ൽ ഒപ്പുവച്ച ധാരണാപത്രവും, ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ ഭൂമി വിട്ടുനൽകിയ നടപടിയും റദ്ദാക്കിയിട്ടില്ല. വിവാദം കനത്തതോടെ, ഇന്നലെ മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് ഫയലുകളെല്ലാം വിളിച്ചു വരുത്തിയ ശേഷമാണ് ധാരണാപത്രം റദ്ദാക്കാൻ നിർദ്ദേശമുണ്ടായത്. കോർപറേഷൻ എം.ഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.

അമേരിക്കൻ കമ്പനിക്ക് നയവിരുദ്ധമായി കേരള ആഴക്കടൽ തീരത്ത് മീൻപിടിത്തത്തിന് അനുമതി നൽകിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അമേരിക്കൻ കമ്പനിയുമായി കെ.എസ്.ഐ.ഡി.സി ഒപ്പുവച്ച ധാരണാപത്രത്തിന്റെയും ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ചതിന്റെയും രേഖകളും അദ്ദേഹം പുറത്തുവിട്ടു.

ഇ.എം.സി.സിയുമായി രണ്ട് ധാരണാപത്രങ്ങളും ഒരു കരാറുമാണ് ഒപ്പുവച്ചത്. പദ്ധിയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്ര സർക്കാരിനെഴുതിയ കത്തും അസന്റ് 2020-നെക്കുറിച്ച് നിയമസഭയിൽ ഇ.എം.സി.സി പദ്ധതി മറച്ചുവച്ച് വ്യവസായമന്ത്രി മറുപടി നൽകിയതിന്റെ തെളിവുകളും അമേരിക്കൻ കമ്പനി ചെയർമാനുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഇക്കാര്യം ഇ.എം.സി.സിയുടെ സംസ്ഥാനത്തെ പ്രതിനിധി ശരിവച്ചതിനെ തുടർന്നാണ് ധാരണാപത്രം റദ്ദാക്കിയത്.

റദ്ദാക്കിയ

ധാരണാപത്രം

2950 കോടിയുടെ പദ്ധതിയനുസരിച്ച് രണ്ടു കോടി രൂപ വിലവരുന്ന 400 ആഴക്കടൽ ട്രോളറുകളും 5 മദർഷിപ്പുകളും നിർമ്മിക്കും. ഏഴ് തുറമുഖങ്ങൾ നവീകരിക്കും. സംസ്ഥാനത്തെ 200 വിപണന കേന്ദ്രങ്ങളിൽ മത്സ്യവിൽപന നടത്തും. ശേഷിക്കുന്ന മത്സ്യസമ്പത്ത് കയറ്റുമതി ചെയ്യും. സംസ്ഥാനത്ത് മത്സ്യസംസ്ക്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾക്കായി ആശുപത്രികൾ നിർമ്മിക്കും. സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് ട്രോളർ ബോട്ട് നൽകും.

സർക്കാർ മാപ്പ്

പറയണം:

ചെന്നിത്തല

തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന തരത്തിൽ അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ച സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണം.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരായ ഇ.പി. ജയരാജന്റെയും മേഴ്‌സിക്കുട്ടി അമ്മയുടെയും പങ്ക് പുറത്തു വരണം. 27നു നടത്തുന്ന തീരദേശ ഹ‌ർത്താലിന് യു.ഡി.എഫ് പിന്തുണ നല്‍കും. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉൾപ്പെട്ട വിവാദം ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ് അന്വേഷിച്ചിട്ട് എന്തു പ്രയോജനമെന്നും ചെന്നിത്തല ചോദിച്ചു.