
തിരുവനന്തപുരം: പൊങ്കാല മഹോത്സവം നടക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ മുതൽ ഭക്തരുടെ അമ്മേ നാരായണ... ദേവീ നാരായണ....മന്ത്രോച്ചാരണം മുഴങ്ങും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം ഭക്തരെ പ്രവേശിപ്പിക്കുന്നതിനാൽ പുലർച്ചെ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങാനാണ് ഭക്തർ ശ്രമിക്കുന്നത്. രാവിലെ 5നാണ് നിർമ്മാല്യദർശനം. 5.30ന് അഭിഷേകവും 6.05ന് ദീപാരാധനയും. രാത്രി 12ന് ദീപാരാധനയ്ക്കു ശേഷം ഒന്നിനാണ് നട അടയ്ക്കുന്നത്.
ദരിദ്രനായി തീർന്ന കോവലൻ കണ്ണകിയുടെ നിർബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ കൊണ്ടു പോകുന്ന ഭാഗമാണ് തോറ്റംപാട്ടിൽ ഇന്നലെ പാടിയത്. ചിലമ്പ് വിൽക്കാൻ ശ്രമിക്കുന്ന കോവലനെ മധുരാനഗരിയിലെ സ്വർണപ്പണിക്കാരൻ താൻ ചെയ്ത കുറ്റം മറച്ചുവയ്ക്കാനായി രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചതെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസിൽ എത്തിക്കുന്ന ഭാഗമാണ് ഇന്ന് പാടുക.