shabeer-ali

തിരുവനന്തപുരം: വനിതകൾ നടത്തുന്ന ഹോട്ടലിൽ അതിക്രമിച്ചുകയറി വാതിൽ പൂട്ടിയിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ വഞ്ചിയൂർ പൊലീസ് പിടികൂടി. വള്ളക്കടവ് പ്രിയദർശിനി നഗർ ഹസീന മൻസിലിൽ ഷബീർ അലി (36), പ്രിയദർശിനി നഗർ ലാൽ മൻസിലിൽ ലാൽഖാൻ (43) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. പാറ്റൂരിൽ സ്ത്രീകൾ നടത്തുന്ന 'വീട്ടിലെ ഊണ്' എന്ന ഫുഡ് പാഴ്സൽ സ്ഥാപനത്തിൽ നിന്നും അഞ്ചംഗസംഘം 40,000 രൂപയും ഒരു പവന്റെ സ്വർണ മാലയും മൊബൈൽഫോണും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞവർഷം നവംബറിലായിരുന്നു കവർച്ച. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണസംഘത്തിലെ മനോജ്, ഉണ്ണിക്കൃഷ്‌ണൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്നവരെ അന്വേഷിക്കുന്നതിനിടെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ എം.എ. നസീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണക്കാട് നിന്നും രണ്ട് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എസ്.സി.പി.ഒമാരായ അബ്ദുൾ ഷക്കൂർ, സീസർ, അരുൺ കുമാർ, സി.പി.ഒമാരായ നവീൻ, സൂരജ് എന്നിവരടങ്ങിയ സംഘം അന്വേഷണത്തിന് നേതൃത്വം നൽകി.