sea-snail

കടൽ ഒച്ചിൽ കാണപ്പെടുന്ന ന്യൂറോടോക്സിനുകളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് ശക്തമായ ഔഷധ ശേഷിയുള്ളതായും ഗുരുതരമായ മലേറിയ രോഗ ചികിത്സയ്ക്ക് ഇത് ഉപകരിച്ചേക്കാമെന്നും പുതിയ പഠനം. കടൽ ഒച്ചിന്റെ വിഷത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ സംയുക്തങ്ങൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സ, വേദനാ സംഹാരികളുടെ നിർമ്മാണം എന്നിവയ്ക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത്.

മലേറിയയ്ക്ക് കാരണക്കാരായ പ്രോട്ടോസോവകളായ പ്ലാസ്മോഡിയം ഫാൽസിപ്പാറത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ കോൺ സ്നെയിൽ വിഭാഗത്തിൽപ്പെട്ട ഒച്ചുകളിൽ കാണപ്പെടുന്ന മാരക വിഷത്തിലെ തന്മാത്രാ ഘടങ്ങൾ സഹായിക്കുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ചില കോൺ സ്നെയിലുകളിലെ വിഷം മനുഷ്യന്റെ മരണത്തിലേക്ക് നയിക്കാവുന്നത്ര തീവ്രതയുള്ളതാണ്. കോൺ സ്നെയിൽ വിഭാഗത്തിൽപ്പെട്ട കോനക്സ് നക്സ് എന്നയിനം കടൽ ഒച്ചിനെയാണ് പ്രധാനമായും പഠന വിധേയമാക്കിയത്.

കോസ്റ്റ റിക്കയിലെ പസഫിക് തീരത്ത് നിന്ന് ശേഖരിച്ച ഒച്ചുകളുടെ വിഷത്തെ പറ്റി ഗവേഷണങ്ങൾ നടത്തി. ഇതിൽ പ്രോട്ടീൻ കോശങ്ങളുടെ പ്രതലത്തെ ലക്ഷ്യമാക്കുന്ന ന്യൂറോടോക്സിക് പെപ്റ്റൈഡുകളെയും ഗവേഷകർ വിശകലനം ചെയ്തു. ഇതിൽ നിന്നാണ് കടൽ ഒച്ചിന്റെ വിഷത്തിൽ മറഞ്ഞിരിക്കുന്ന ഘടകങ്ങൾക്ക് ചികിത്സാ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. മലേറിയയ്ക്ക് പുറമേ എയിഡ്സ്, കൊവിഡ് 19 തുടങ്ങിയവയ്ക്കും ഇതിൽ നിന്ന് ചികിത്സ കണ്ടെത്താൻ കഴിയുമെന്നും ശാസ്ത്രലോകം പ്രത്യാശ പ്രകടിപ്പിക്കുന്നു.