
കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഉടനെ നടക്കുകയാണ്.. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളല്ല മറിച്ച് മുന്നണി സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എൽ.ഡി.എഫ്, യു.ഡി, എഫ്, എൻ.ഡി.എ. തുടങ്ങിയ മുന്നണികൾ ബഹുജനസക്ഷം സമർപ്പിക്കുന്നതിന് അവരുടെ പദ്ധതികളടങ്ങിയ പ്രകടനപത്രിക തയ്യാറാക്കുന്ന പ്രവർത്തനങ്ങളുടെ പണിപ്പുരയിലാണ് . ഈ സാഹചര്യത്തിൽ കേരളത്തിലെ മഹത്തായ ജനാധിപത്യ മുന്നണികളുടെ മുമ്പിൽ കേരളത്തിലെ അധ:സ്ഥിത ജനതക്കു വേണ്ടി അതീവ പ്രാധാന്യമുള്ള ഒരു നിർദ്ദേശം സമർപ്പിക്കുന്നു.
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ സംവരണം
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓരോ വർഷവും 5500 കോടിയിലേറെ തുക സർക്കാർ ഖജനാവിൽ നിന്ന് ശമ്പളമായി നൽകുന്നു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ 7220 എയ്ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ സ്വന്തമായി എയ്ഡഡ് സ്ഥാപനങ്ങളില്ലാത്തത് പട്ടികവിഭാഗക്കാർക്ക് മാത്രമാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ മൂന്ന് എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളും, ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളും, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 256 എയ്ഡഡ് കോളേജുകളും പ്രവർത്തിക്കുന്നു.
പൊതു വിദ്യാഭ്യാസ/ സാങ്കേതിക വിദ്യാഭ്യാസ/ കോളേജ് വിദ്യാഭ്യാസ വകുപ്പുകൾക്ക് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങളിലും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമിതരാകുന്ന അദ്ധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.എസ്.സി മുഖേന നിയമനം നടത്തുകയും സംസ്ഥാനത്ത് നിലനിൽക്കുന്ന സംവരണക്രമം പാലിച്ച് നിയമനം നടത്തുകയും ചെയ്തുവരുന്നു. എന്നാൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.എസ്.സി മുഖേനയല്ല, മറിച്ച് ബന്ധപ്പെട്ട മാനേജുമെന്റുകളാണ് നിയമനം നടത്തുന്നത്. അതുകൊണ്ടുതന്നെ അവിടെ സംവരണം അനുവദിച്ചിട്ടില്ല.
ശമ്പളമായി സർക്കാർ ഖജനാവിൽ നിന്ന് നൽകുന്ന തുകയുടെ പത്ത് ശതമാനമായ 550 കോടിരൂപ പട്ടിക വിഭാഗത്തിന് ന്യായമായും നിയമപരമായും അവകാശപ്പെട്ടതാണ്. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 3815 അദ്ധ്യാപകരെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരായി നിയമിച്ചിട്ടുണ്ട്. ഇതുമൂലം സർക്കാർ സർവീസിലെ ആനുപാതിക നിയമനം പോലും നഷ്ടപ്പെടുന്നു. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നാമമാത്രമായ പ്രാധിനിധ്യം മാത്രമാണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലുള്ളത്. ഇത് പ്രകടമായും സാമൂഹ്യനീതിയുടെ ലംഘനമാണ്.
2006 ൽ യു.ജി.സി പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിൽ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ സംവരണം ഉറപ്പാക്കുകയും സർവകലാശാലകളോട് അതനുസരിച്ച് നിയമങ്ങളിലും, സ്റ്റാറ്റ്യൂട്ടുകളിലും ഭേദഗതി വരുത്തി അദ്ധ്യാപക നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് പട്ടികവിഭാഗങ്ങൾക്ക്
നൽകുന്നില്ല?
കേരളത്തിലെ സംഘടിതരായ മത-ജാതി സംഘടനകളാണ് എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം മാനേജുമെന്റുകളെയും നിയന്ത്രിക്കുന്നത്. അവരുടെ വോട്ടുബാങ്ക് ഭീഷണിക്കു മുമ്പിൽ രാഷട്രീയ കക്ഷികൾ പട്ടികവിഭാഗത്തെ സൗകര്യപൂർവം അവഗണിക്കുകയാണ്. കേരളത്തിലെ എയ്ഡഡ് സ്ഥാപനങ്ങളിൽ പലതും ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നോ രാജഭരണത്തിൽ നിന്നോ ഭൂമിയും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ച് പടുത്തുയർത്തിയവയാണ്. സ്വയാർജ്ജിത ആസ്തിയാണെങ്കിൽപ്പോലും ചുരുങ്ങിയത് അരനൂറ്റാണ്ടുകാലമായി ഈ സ്ഥാപനങ്ങൾ നടത്തി സാമൂഹ്യമായും സാമ്പത്തികമായും നേട്ടങ്ങൾ അനുഭവിക്കുന്നവരാണ് മാനേജുമെന്റുകൾ.
സുതാര്യമല്ലാത്ത
നിയമന പ്രക്രിയ
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സർക്കാരിന് കാര്യമായ ഒരു നിയന്ത്രണവുമില്ല. അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങൾക്ക് അതിഭീമമായ തുക കോഴയായി കൈപ്പറ്റുന്നതായി പൊതുജനമദ്ധ്യത്തിൽ ഉയരുന്ന ആരോപണങ്ങൾ സർക്കാർ പരിഗണിച്ചതായി കാണുന്നില്ല. കോളേജ് അദ്ധ്യാപക നിയമനത്തിന് 60 മുതൽ 75 ലക്ഷം വരെയും ഹയർ സെക്കണ്ടറിയിൽ 40 മുതൽ 50 ലക്ഷം വരെയും യു.പി എസ്. എൽ.പി.എസിൽ 25 മുതൽ 40 ലക്ഷം വരെയും, അനദ്ധ്യാപക തസ്തികകളിൽ 20 മുതൽ 30 ലക്ഷം വരെയും കോഴ കൈപ്പറ്റുന്നതായി ആരോപണം ഉണ്ടായിട്ടുണ്ട്. എന്നാൽ ഏതാനും ചില മാനേജ്‌മെന്റുകൾ മാത്രം മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് ഇത്രയും ഭീമമായ തുക കോഴ നൽകാൻ കഴിയാത്തതും, അവർക്ക് സംവരണം നൽകുന്നതിന് ഒരു തടസമായി ആരോപിക്കപ്പെടുന്നു.
കേരളത്തിൽ പട്ടികവിഭാഗത്തിൽപ്പെട്ട അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളിൽ പി.ജിയും, എംഫില്ലും നേടിയവർ പോലും കൈക്കോട്ടുമായി കൂലിപ്പണിക്ക് ഇറങ്ങേണ്ടി വരുന്നു. ഇന്ത്യയിലെ മാറിവന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണം ലഭ്യമല്ലാത്ത മുന്നാക്കക്കാർക്ക് 10ശതമാനം സംവരണം നടപ്പാക്കുന്നതിന് ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടത് അടുത്തകാലത്താണ്.
രാഷട്രീയ തീരുമാനം
അനിവാര്യം
ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പട്ടികവിഭാഗത്തിന് എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപനം നടത്തേണ്ടത് സാമൂഹ്യബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് നടപ്പാക്കിയാൽ കേരളീയ സമൂഹത്തിൽ പട്ടികവിഭാഗത്തിന് സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ കഴിയുന്നതിലുപരി പട്ടികവിഭാഗക്കാരായ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള അധ:സ്ഥിതരുടെ സർവതോന്മുഖമായ പുരോഗതിക്കും മാന്യമായ ഉപജീവനത്തിനും സഹായകമാകും എന്നതിൽ സംശയമില്ല.
(ലേഖകൻ കേരള സ്റ്റേറ്റ് കമ്മിഷൻ ഫോർ എസ്.സി.& എസ്.ടി ചെയർമാനാണ് )