swasika

സീരിയലുകളിലൂടെ തന്റേതായ അഭിനയമികവ് പുലർത്തിയ സ്വാസിക മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മാത്രമല്ല, ഇന്ന് സിനിമാപ്രേമികളുടെയും പ്രിയതാരമാണ്. അടുത്തിടെ താരത്തിന് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. 'സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്ട് ലഭിച്ചാൽ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാൻ നേരത്തെ ജീൻസും ഷോർട്സും ധരിക്കുകയും മുടി കളർ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ല...' സ്വാസിക പറയുന്നു. സിനിമയിൽ ആയാലും സീരിയലിലായാലും സ്വാസിക സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്. കുറച്ച് നാളുകൾക്ക് മുമ്പ്, താൻ വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് സ്വാസിക പറഞ്ഞിരുന്നു. നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നത്. വെബ്സീരിസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക പറഞ്ഞിരുന്നു.