
ഇതാണ് വീറ്റസ്. എട്ട് മാസം പ്രായമുള്ള വീറ്റസ് എന്ന ഈ കടുവക്കുട്ടിയെ കാണുമ്പോൾ ഭയം തോന്നാം. എന്നാൽ, റഷ്യയിലെ ഒരു മൃഗശാലയിൽ കഴിയുന്ന അമുർ കടുവയായ വീറ്റസിന് രസകരമായ ഒരു സവിശേഷതയുണ്ട്. തന്റെ അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വീറ്റസ് പാടാറുണ്ട്.! കടുവ പാടാനോ ? നല്ല, കഥ; വീറ്റസിന്റെ മുരളൽ പാടുന്നത് പോലെയാണ് നമുക്ക് തോന്നുക എന്നതാണ് വാസ്തവം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അമ്മ ബഗീരയുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ വീറ്റസിന്റെ ശബ്ദം സാധാരണ കടുവകളുടെ ഘോരമായ അലർച്ചയിൽ നിന്ന് വ്യത്യസ്തമായി വളരെ നേർത്തതാണ്. അതുകൊണ്ടാണ്, സൈബീരിയയിലെ ബർനൗൽ മൃഗശാലയിലെ ഈ കടുവക്കുട്ടിയുടെ ശബ്ദത്തെ പക്ഷികളുടേതു പോലുള്ള പാട്ടുമായി വിശേഷിപ്പിക്കുന്നത്. മൃഗശാലയിലെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് വീറ്റസ്.
ബഗീരയ്ക്ക് വീറ്റസിനെ കൂടാതെ വേറെയും കുഞ്ഞുങ്ങളുണ്ട്. അതിനാലാണ് അമ്മയുടെ ശ്രദ്ധ നേടാൻ വീറ്റസ് എപ്പോഴും ശബ്ദമുണ്ടാക്കുന്നതെന്ന് മൃഗശാലാ അധികൃതർ പറയുന്നു. പ്രശസ്ത റഷ്യൻ ഗായകൻ വീറ്റസ് - വിറ്റാലി ഗ്രചേവിന്റെ പേരാണ് വീറ്റസിന് നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലുതും വേഗതയേറിയതുമായ കടുവകളാണ് വംശനാശ ഭീഷണി നേരിടുന്ന അമുർ കടുവകൾ. കിഴക്കൻ റഷ്യയിലെ വനാന്തരങ്ങളിൽ നിലവിൽ ഏകദേശം 600 ഓളം അമുർ കടുവകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.