
1962 ൽ ബർമ്മ ( മ്യാൻമർ) യിൽ നടന്ന പട്ടാള അട്ടിമറി ലോകമറിഞ്ഞത് റോയിട്ടേഴ്സിന്റെ റംഗൂൺ ലേഖകൻ, മലയാളിയായ എം. ശിവറാം (തിരുവനന്തപുരം പ്രസ് ക്ളബ് സ്ഥാപക ഡയറക്ടർ) അയച്ച കമ്പിസന്ദേശത്തിൽ നിന്നാണ്. മന്ത്രിമാരുൾപ്പെടെ പല ഭരണാധിപൻമാരുടെ കൊലപാതകം നേരിൽക്കണ്ട ശിവറാം ഉടൻ വിവരം റോയിട്ടേർസ് ഹെഡ് ഓഫീസിലേക്കു അയയ്ക്കാൻ ശ്രമിച്ചു. സന്ദേശം അയച്ചുകൊണ്ടിരിക്കുമ്പോൾ കമ്മ്യൂണിക്കേഷൻ വിച്ഛേദിക്കപ്പെട്ടതുമൂലം ആദ്യ വാക്കുകൾ മാത്രമേ ഹെഡ് ഓഫീസിലെത്തിയുള്ളൂ. ശിവറാമിന്റെ പരിചയസമ്പത്ത് കണക്കിലെടുത്ത്, അയച്ച സന്ദേശം പട്ടാള അട്ടിമറിയെക്കുറിച്ചു തന്നെയാണെന്നു കണക്കുകൂട്ടി, റോയിട്ടേഴ്സ് അത് 'സ്കൂപ്പ്" ആയി പ്രസിദ്ധീകരിക്കുകയായിരുന്നു. വാർത്ത കണ്ട ജനം ഞെട്ടി. എന്നാൽ ഈ ഫെബ്രുവരി ഒന്നിന് മ്യാൻമർ പട്ടാളം പ്രസിഡന്റ് വിൻ മിന്റിനെയും പ്രധാനമന്ത്രിക്ക് തുല്യ അധികാരമുള്ള സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചിയെയും പ്രമുഖ നേതാക്കളെയും തടവിലാക്കി അധികാരം പിടിച്ചെടുത്തെന്ന് കേട്ടപ്പോൾ, മ്യാൻമറിലെ രാഷ്ട്രീയ നിരീക്ഷകർക്ക് അത്ഭുതം തോന്നാനിടയില്ല. കാരണം, സൈന്യം ഭരണമേറ്റെടുക്കാനുള്ള സാദ്ധ്യത അവർ പ്രവചിച്ചിരുന്നു. സൈനിക അട്ടിമറിക്കു നേതൃത്വം നൽകിയ ജനറൽ മിൻ ആങ്ങ് ഹ്ളെയിംഗ് സൈനിക മേധാവിയായി നിയമിക്കപ്പെട്ടത് 2011-ലാണ്. അഞ്ചുവർഷത്തിനുശേഷം അന്നത്തെ ഭരണാധികാരിയായ ആങ് സാൻ സൂ ചി അദ്ദേഹത്തിന്റെ കാലാവധി അഞ്ചുവർഷം നീട്ടിക്കൊടുത്തു. കാലാവധി 2021 ജൂലായിൽ അവസാനിക്കാനിരിക്കെ, ഒരുതവണ കൂടി കാലാവധി നീട്ടാൻ സൂചി വിസമ്മതിച്ചെന്നാണറിയുന്നത്.
2008-ൽ സൈന്യം എഴുതിയുണ്ടാക്കിയ ഭരണഘടന അനുസരിച്ച് ആഭ്യന്തരം, രാജ്യസുരക്ഷ, ബോർഡർ മാനേജ്മെന്റ് എന്നിവയുടെ നിയന്ത്രണവും പാർലമെന്റിൽ 25 ശതമാനം അംഗങ്ങളെ നേരിട്ട് നിർദ്ദേശിക്കാനുള്ള അധികാരവും സൈന്യത്തിനാണ്. സൈന്യത്തിനുവേണ്ടി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി (യു.എസ്.ഡി.പി). ഈ പാർട്ടിയിലൂടെ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ജനറൽ ഹ്ളെയിംഗ് കൈക്കൊണ്ടിരുന്നു. ജനാധിപത്യപരമായി അധികാരത്തിൽ വന്ന ആങ് സാൻ സൂചി, ആരാധകരുടെ പ്രതീക്ഷകൾക്കു പോലും വിരുദ്ധമായി, സൈന്യവുമായി സഹകരിച്ചു. എന്നിട്ടും എൻ.എൽ.ഡി പാർലമെന്റിൽ അവതരിപ്പിച്ച പല ഭരണഘടനാ പരിഷ്കാരങ്ങളെയും സൈന്യം നിരാകരിച്ചു.
10 ലക്ഷം രോഹിംഗ്യൻ മുസ്ളിങ്ങൾ മ്യാൻമറിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. തീവ്രബുദ്ധ സംഘടനകളുമായി രോഹിഗ്യൻ സമാന സംഘടനകൾ ഏറ്റുമുട്ടാറുണ്ട്. 2017 ആഗസ്റ്റിൽ രൂക്ഷമായ ഏറ്റുമുട്ടലിൽ പട്ടാളം രോഹിഗ്യൻ മുസ്ളീങ്ങൾ താമസിക്കുന്ന നൂറിലേറെ ഗ്രാമങ്ങൾ തീയിട്ടു നശിപ്പിക്കുകയും ആറായിരത്തിൽപ്പരം പേരെ വധിക്കുകയും ചെയ്തു. തുടർന്ന് ആറുലക്ഷത്തിലധികം രോഹിഗ്യകൾ ബംഗ്ളാദേശിലേക്കു പലായനം ചെയ്തു. പ്രസിഡന്റാകാൻ മോഹിച്ചിരുന്ന ജനറൽ ഫ്ളെയിംഗ് വർഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ അനുകമ്പ നേടാൻ ശ്രമിച്ചെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ സൈനികമേധാവി ഉയർത്തി. തിരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപ് സൈനിക വക്താവ് വോട്ടർ പട്ടികയിൽ സാരമായ തകരാറുകൾ ആരോപിച്ചു. എന്നാൽ സൂചിയുടെ നേതൃത്വത്തിലുള്ള എൻ.എൽ.ഡി വൻ വിജയമാണു നേടിയത്. അവർ 396 സീറ്റുകളിൽ വിജയം നേടിയപ്പോൾ സൈന്യത്തിന്റെ സ്വന്തം പാർട്ടിയായ യു.എസ്.ഡി.പിക്ക് നേടാനായതു 33 സീറ്റുകൾ മാത്രമാണ്. എന്നിട്ടും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം സൈന്യം തുടർന്നുകൊണ്ടേയിരുന്നു. ജനുവരി 26-നു നടത്തിയ പ്രസ് കോൺഫറൻസിൽ തിരഞ്ഞെടുപ്പിൽ വലിയ തിരിമറി നടന്നതായും തിരുത്തിയില്ലെങ്കിൽ തക്കതായ നടപടിയെടുക്കേണ്ടി വരുമെന്നും സൈനിക വക്താവ് താക്കീതു നൽകി. ഫെബ്രുവരി ഒന്നിന് പുതിയ പാർലമെന്റ് കൂടാനിരിക്കെ, സൈന്യം പ്രസിഡന്റ് വിൻ മിന്റിനെയും സ്റ്റേറ്റ് കോൺസലർ സൂ ചിയെയും ഭരണനേതാക്കളെയും തടവിലാക്കുകയായിരുന്നു.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻ.എൽ.ഡി 80 ശതമാനത്തിലധികം സീറ്റുകൾ നേടി വൻവിജയം ഉറപ്പാക്കി. സൂചി സൈന്യവുമായി ചേർന്ന് ഭരണം നടത്താൻ തയ്യാറായതു സൈന്യത്തിനു അന്താരാഷ്ട്ര സ്വീകാര്യത നേടിക്കൊടുത്തെങ്കിലും സൂചിക്കു അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനം നേരിടേണ്ടിവന്നു. പല സംഘടനകളും, അവർക്ക് ലഭിച്ച നോബൽ സമ്മാനം ഉൾപ്പെടെ പുരസ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു.
2017 ആഗസ്റ്റിൽ റാഖയിൻ സ്റ്റേറ്റിൽ രോഹിംഗ്യൻ മുസ്ളിങ്ങൾക്കെതിരായി നടന്ന സൈനിക നടപടിയെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ന്യായീകരിച്ചതു സൂചിയുടെ ആരാധകരെ ഞെട്ടിച്ചു. എന്നാൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതു മ്യാൻമറിലെ ഭൂരിപക്ഷ സമുദായം സൂചിയുടെ നിലപാടിനെ അംഗീകരിച്ചെന്നാണ്. ഫെബ്രുവരി ഒന്നിന് നടന്ന പട്ടാള അട്ടിമറി ഉൾപ്പെടെയുള്ളവയിൽ ചൈനയുടെ പങ്കാളിത്തമോ അറിവോ ഉണ്ടാകുമെന്നാണു നിരീക്ഷകർ കരുതുന്നത്. പ്രധാന നിക്ഷേപ പങ്കാളിയും വ്യാപാര പങ്കാളിയുമെന്ന നിലയിൽ ചൈനയ്ക്കു മ്യാൻമറിൽ ദൂരവ്യാപകമായ സ്വാധീനമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് 2020 ജനുവരിയിൽ മ്യാൻമർ സന്ദർശിച്ചിരുന്നു. തന്റെ അഭിമാന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ മ്യാൻമർ ഭാഗമായ ചൈന - മ്യാൻമർ സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം ധൃതഗതിയിലാക്കാനാണ് ചർച്ചയിൽ ഷി ഊന്നൽ നൽകിയത്. അങ്ങനെ അവർക്ക് ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി വഴി ബലൂചിസ്ഥാനിലെ അറേബ്യൻ കടലിന്റെ കരയ്ക്കുള്ള ഗ്വാദർ തുറമുഖം കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് രണ്ടാമതൊരു വഴി കൂടി തുറന്നുകിട്ടുകയാണ്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ വർഷം ജനുവരിയിൽ മ്യാൻമർ സന്ദർശിച്ചിരുന്നു. ചൈനയോടു ചേർന്നു കിടക്കുന്ന മ്യാൻമറിലെ അതിർത്തി സംസ്ഥാനമായ കച്ചിൻ സ്റ്റേറ്റിലേക്കുള്ള മൂന്ന് പ്രധാന പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.  ചൈനയുടെ ഒരു ബൃഹദ് പദ്ധതിയായ മിറ്റ്സോൺ അണക്കെട്ട് ഐരാവതി നദിയുടെ ഉത്ഭവസ്ഥലത്താണു നിർമ്മിക്കുന്നത്. ജനങ്ങളുടെ എതിർപ്പ് മൂലം 2009ൽ തുടങ്ങിയ പദ്ധതി 2011നുശേഷം പണി മുടങ്ങി. മ്യാൻമറിൽ ഇരുപതോളം വംശീയവിമത സംഘങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാന സംഘമാണ് കച്ചിൻ ഇൻഡിപെൻഡൻസ് ഓർഗനൈസേഷൻ. ചൈന മ്യാൻമറിലുള്ള ഏതാണ്ട് എല്ലാ വിമതസംഘങ്ങൾക്കും പല രീതിയിൽ സഹായം നൽകാറുണ്ട്. കച്ചിൻ സംസ്ഥാനത്തിനു സഹായം നൽകി മിറ്റുസോൺ അണക്കെട്ട് നിർമ്മാണം പുനരാരംഭിക്കാനുള്ള ശ്രമമാകും വാങ് യിയുടെ വാഗ്ദാനങ്ങളുടെ ഉദ്ദേശ്യം. വാങ് യി സൈനിക മേധാവി ജനറൽ ഹ്ളെയിങ്ങുമായി ജനുവരി 12ന് നടത്തിയ ചർച്ചയിൽ നവംബർ എട്ടിന് നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചും തിരിമറികളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തെന്നാണറിയുന്നത്. സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ പട്ടാള അട്ടിമറിക്കുള്ള സാദ്ധ്യതയും അറിയിച്ചെന്ന് നിരീക്ഷകർ കരുതുന്നു.
മ്യാൻമറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇന്ത്യയുടെ സുരക്ഷയ്ക്കും വളർച്ചയ്ക്കും സോഷ്യൽ കണക്ടിവിറ്റിക്കും നിർണായകമാണ്. തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബറിനു ചുറ്റുമുള്ള 725 കി.മി. സമുദ്രാതിർത്തിക്കു പുറമേ 1624 കി. മീ. കര അതിർത്തിയും ഇന്ത്യ മ്യാൻമറുമായി പങ്കുവയ്ക്കുന്നുണ്ട്. കര- അതിർത്തി തീവ്രവാദ സംഘടനകൾക്കു സ്വാധീനമുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളായ മിസോറം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് എന്നതും എടുത്തുപറയണം. ഇവിടെയുള്ള തീവ്രവാദ സംഘടനകൾക്കു ചൈന സഹായം നൽകുന്നതും അവർക്കു മ്യാൻമറിൽ സുരക്ഷാ താവളങ്ങളുണ്ടെന്നതും തുറന്ന രഹസ്യമാണ്. 12 വർഷമായി ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ദൃഢമാക്കിയെടുത്ത ബന്ധം വഴി മ്യാൻമർ സുരക്ഷാസേനയുടെ സഹകരണത്തോടുകൂടി പല വടക്കുകിഴക്കൻ തീവ്രവാദ സംഘടനകളുടെയും പ്രവർത്തനം നിർവീര്യമാക്കാനായിട്ടുണ്ട്. 2018ൽ പ്രധാനമന്ത്രി മോദി മ്യാൻമർ സന്ദർശിച്ചിരുന്നു. അതിനുശേഷം രണ്ട് രാജ്യത്തെയും സുരക്ഷാ സേനകൾ സംയുക്തമായി മിസോറാമിനും മണിപ്പൂരിനും എതിർവശത്തുള്ള റാഖയിൻ സ്റ്റേറ്റിലെ പല തീവ്രവാദ ഒളിത്താവളങ്ങളും നശിപ്പിച്ചിരുന്നു. മ്യാൻമർ ഇന്ത്യൻ സേനയ്ക്കു നൽകുന്ന സഹകരണത്തിന്റെ പ്രാധാന്യം മനസിലാക്കി മ്യാൻമർ പട്ടാളത്തിനു ഇന്ത്യ പ്രത്യേക പരിശീലനം നൽകുകയും ഉദ്യോഗസ്ഥർക്കു ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ പഠനസൗകര്യമൊരുക്കുകയും ചെയ്തു. കൂടാതെ അവരുമായി ചേർന്ന് സംയുക്ത പട്ടാള അഭ്യാസവും ബംഗാൾ ഉൾക്കടലിൽ നാവികാഭ്യാസവും നടത്തി.
ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് പോളിസി പ്രകാരം സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള പ്രവേശന മാർഗം മ്യാൻമർ വഴിയാണ്. അതുകൊണ്ടാണ് ഇന്ത്യ - മ്യാൻമർ - തായ്ലൻഡ് ത്രികക്ഷി ഹൈവേക്ക് ഇന്ത്യ മുൻകൈയെടുക്കുന്നത്. അടിസ്ഥാന വികസനത്തിനുള്ള പല പദ്ധതികളും ഇന്ത്യ മുൻകൈയെടുത്ത് മ്യാൻമറിൽ ചെയ്യുന്നുണ്ട്. 2020 ഒക്ടോബറിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ളയും സൈനിക മേധാവി ജനറൽ മനോജ് നരവനെയും മ്യാൻമർ സന്ദർശിച്ചിരുന്നു. രണ്ടുപേരും ആങ് സാൻ സൂചിയുമായും പട്ടാള മേധാവി ജനറൽ ഹ്ളെയിംഗുമായും ചർച്ചകൾ നടത്തിയിരുന്നു. ജനകീയ ഭരണാധികാരിക്കും സൈനിക നേതൃത്വത്തിനും തുല്യപ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നതായിരുന്നു ചർച്ചയുടെ ഉദ്ദേശ്യം. പട്ടാള അട്ടിമറിക്കു ശേഷം ഒരു വർഷത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈനിക നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാൽ അതിനൊരു തീർച്ചയുമില്ല.
(ലേഖകൻ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് മുൻ ഡയറക്ടറാണ്. ഫോൺ: 9496255315 )