chennithala

തിരുവനന്തപുരം: വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു പിന്നിലെ സത്യം പൂർണമായി പുറത്തുകൊണ്ടുവരാൻ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥതല അന്വേഷണം ഫലപ്രദമാകില്ല.

അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ് എങ്ങനെയാണ് മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉൾപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നത്?400 ട്രോളറുകളും അഞ്ചു മദർ ഷിപ്പുകളും

ഏഴു മത്സ്യബന്ധന തുറമുഖങ്ങളും നിർമ്മിക്കുന്നതിനുള്ള ഉപധാരണാപത്രം മാത്രമാണ് റദ്ദാക്കിയത്.

കഴിഞ്ഞവർഷം ഫെബ്രുവരി 28ന് അസന്റിൽ ഒപ്പിട്ട 5000 കോടിയുടെ ധാരണപത്രം നിലനിൽക്കുകയാണ്. ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് കെ.എസ്.ഐ.ഡി.സി നൽകിയ 4 ഏക്കർ സ്ഥലം തിരിച്ചെടുത്തിട്ടില്ല. മത്സ്യനയത്തിൽ വരുത്തിയ തിരുത്തലും നിലനിൽക്കുകയാണ്. തരംകിട്ടിയാൽ പദ്ധതി നടപ്പാക്കുന്നതിനാണിത്.

മൂന്നോ നാലോ വർഷംകൊണ്ട് കേരള തീരത്തെ മത്സ്യസമ്പത്ത് മുഴുവൻ അമേരിക്കൻ കമ്പനി കൊള്ളയടിച്ചു കൊണ്ടുപോകുമായിരുന്നു. ആ അപകടം മാറിയിട്ടില്ല.

മത്സ്യത്തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരം നടത്തും. ഈ മാസം 27ന് നടത്തുന്ന തീരദേശ ഹർത്താലിന് യു.ഡി.എഫ് പൂർണ പിന്തുണ നൽകും. വിഷയം വിശദീകരിച്ച് യു.ഡി.എഫ് തീരദേശ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനയും കെണിയും

വിദേശ ട്രോളറുകൾക്ക് നിരോധനമുള്ളതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളെക്കൊണ്ടുതന്നെ ആഴക്കടൽ മത്സ്യസമ്പത്ത് വാരിയെടുത്ത് ഇവിടുള്ളവരെക്കൊണ്ടുതന്നെ സംസ്കരിച്ച് കടത്തിക്കൊണ്ടുപോകാനുള്ള ഗൂഢപദ്ധതിയാണ് സർക്കാർ തയ്യാറാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി ന്യൂയോർക്കിൽ വച്ച് ഇ.എം.സി.സിയുമായി ചർച്ച നടത്തുന്നതോടെയാണ് നീക്കം തുടങ്ങിയത്. 2019ൽ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഫിഷറീസ് മന്ത്രിയുമായി ചേർന്ന് വിശദമായ പരിശോധനയും ചർച്ചയും നടത്തി. 2020ൽ ധാരണപത്രം ഒപ്പുവച്ചു. 2021ൽ സ്ഥലവും കൈമാറി. ഇതിനിടയിൽ കേന്ദ്രത്തിന് കത്തെഴുതി അമേരിക്കൻ കമ്പനിയെ കുറിച്ച് അന്വേഷണവും നടത്തി. കേന്ദ്രം എന്ത് മറുപടി നൽകിയെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. വൻഗൂഢാലോചനയാണ് നടന്നതെന്ന് വ്യക്തമാണ്.

കൗശലപൂർവമാണ് മത്സ്യനയത്തിൽ മാറ്റം വരുത്തിയത്. മത്സ്യനയത്തിൽ 2(9)വകുപ്പായി വരുത്തിയ മാറ്റം ഇങ്ങനെയാണ്. 'പുറം കടലിൽ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് പ്രോത്സാഹനം നൽകും.' വിദേശട്രോളർ അല്ലെന്ന് സ്ഥാപിക്കാൻ ഇ.എം.സി.സി കേരളത്തിൽ തന്നെ ബോട്ടുണ്ടാക്കും. ഇവിടത്തെ മത്സ്യത്തൊഴിലാളികളെ ജോലിക്ക് നിയോഗിക്കും. വലയും മറ്റും ഇ.എം.സി.സി നൽകും. മീൻപിടിച്ച് അമേരിക്കൻ കമ്പനിക്ക് നൽകണം. ഇവിടെ തന്നെ സംസ്കരിച്ച് വിദേശത്തേക്ക് കടത്തും. ഫലത്തിൽ വിദേശ ട്രോളറുകൾ മത്സ്യബന്ധനം നടത്തുന്നതിന് തുല്യമാണിത്.

മറ്റു ചില വൻകിട കമ്പനികൾ കൂടി കാണാമറയത്തുണ്ട്.

ഇ.എം.സി.സി യുടെ പള്ളിപ്പുറം പ്ലാന്റിൽ സംസ്‌കരിക്കുന്ന മത്സ്യം ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളുടെ കൂറ്റൻ കോൾഡ് സ്റ്റോറേജിലേക്കാണ് പോകുന്നത്. അവർക്ക് കയറ്റുമതി ചെയ്യാനും അഭ്യന്തര മാർക്കറ്റിൽ വിറ്റഴിക്കാനും കഴിയും. വിദേശ കമ്പനികൾക്കും ബന്ധപ്പെട്ടവർക്കും നൂറുകണക്കിന് കോടി രൂപയുടെ ലാഭം കൊയ്യാനുള്ള ഗൂഢ പദ്ധതിക്കാണ് സർക്കാർ കളമൊരുക്കിയതെന്ന് ചെന്നിത്തല പറഞ്ഞു.

തട്ടിപ്പ് കമ്പനിയെന്ന് പറഞ്ഞിട്ടും കരാറിൽ ഒപ്പിട്ടെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് 2019 ഒക്ടോബർ 21ന് തന്നെ മറുപടി നൽകിയിരുന്നെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് അയയ്ക്കുന്ന കത്തിലെ വിവരങ്ങൾ മനസിലാകാത്തത് മന്ത്രി ജയരാജന്റെ ഭരണപരാജയമാണ്. ഇ.എം.സി.സിയെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആ‌ർ. ജ്യോതിലാലാണ് 2019ഒക്ടോബർ 3ന് കേന്ദ്രത്തെ സമീപിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ന്യൂയോർക്കിലെ കോൺസുലർ ജനറലിന് കൈമാറി. കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ അതിനെ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റിന്റെ മറുപടി. ഈ മറുപടിയാണ് സംസ്ഥാന സർക്കാരിന് കൈമാറിയത്. ഇതിന് ശേഷമാണ് ധാരണ പത്രത്തിൽ ഒപ്പിടുന്നത്. തട്ടിപ്പ് കമ്പനിയുമായി കരാർ ഒപ്പിടുക വഴി കേരളത്തിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. വിദേശ രാജ്യത്തെ കമ്പനികളുമായി കരാർ ഒപ്പിടാൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളു. ഷിജു വർഗീസിനെ തനിക്കറിയില്ലെന്നും യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് ന്യൂയോർക്കിൽ പോയതെന്നും വി. മുരളീധരൻ പറഞ്ഞു.