
തിരുവനന്തപുരം: കിംസ്‌ഹെൽത്ത്, ചെന്നൈയിലുള്ള എം.ജി.എം ഹെൽത്ത്‌കെയറിന്റെ സഹകരണത്തോടെ ഹൃദയശ്വാസകോശ മാറ്റിവയ്ക്കൽ യൂണിറ്റ് തലസ്ഥാനത്ത് ആരംഭിച്ചു. കിംസ്‌ഹെൽത്തിന്റെ നിലവിലുള്ള അവയവമാറ്റ കേന്ദ്രം വിപുലീകരിച്ചാണ് ഹൃദയശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി ലഭ്യമാക്കിയത്.
ഇത് സംബന്ധിച്ച ധാരണാപത്രങ്ങൾ കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഡോ. എം.ഐ. സഹദുള്ളയും എം.ജി.എം ഹെൽത്ത് കെയറിന്റെ കോ-ഡയറക്ടർ ഡോ.സുരേഷ് റാവുവും കൈമാറി. ഹൃദയശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ സാധാരണക്കാർക്കായി കിംസ്‌ഹെൽത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റ് അൻപത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് സഹദുള്ള വ്യക്തമാക്കി. എം.ജി.എം ഹെൽത്ത് കെയറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്‌പ്ലാന്റ് ആൻഡ് മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് വിഭാഗം ഡയറക്ടർ ഡോ. കെ.ആർ.ബാലകൃഷ്ണൻ, കിംസ് ഹെൽത്ത് സി.ഇ.ഒ ഡോ. ഷെറീഫ് സഹദുള്ള, കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്‌പ്ലാന്റ് സർജൻമാരായ ഡോ. സുജിത് വി.ഐ, ഡോ. ഷാജി പാലങ്ങാടൻ, ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം ഡയറക്ടർ ഡോ. പ്രവീൺ മുരളീധരൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, എം.ജി.എം ഹെൽത്ത്‌കെയർ സി.ഇ.ഒ ഹാരിഷ് മണിയൻ, വൈസ്‌പ്രസിഡന്റ് ശരവണൻ രാമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.