
ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ മൂന്നാം ചരമവാർഷികദിനമാണ് ഇന്ന്.
ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്.
ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും ഹിന്ദിയിൽ ജൂലിയുമുൾപ്പെടെ കൊച്ചുശ്രീദേവി വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ എത്രയെത്ര ചിത്രങ്ങൾ.
1978 ൽ സോൽവാസാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡിൽ നായികയായി അരങ്ങേറിയത്.
പതിയെ പതിയെ ബോളിവുഡിന്റെ താരറാണിയായി ശ്രീദേവി മാറി. തന്നെ തേടിവരുന്ന ഒാഫറുകളിൽ പകുതിയിലധികവും നിരസിക്കേണ്ടത്ര തിരക്കിലായി താരം. ബോളിവുഡിൽനിന്ന് മാത്രമല്ല ഹോളിവുഡിൽ നിന്ന് പോലും ശ്രീദേവിയെ തേടി ഒാഫറുകളെത്തി. 1993 ൽ സ്റ്റീവൻ സ്പീൽ ബർഗ് ജൂറാസിക് പാർക്കിൽ അഭിനയിക്കാൻ ശ്രീദേവിയെ ക്ഷണിച്ചെങ്കിലും ബോളിവുഡിൽ താരറാണിയായി വിലസിയിരുന്ന താരത്തിന് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറാൻ താത്പര്യമുണ്ടായിരുന്നില്ല. ഷാരൂഖ് നായകനായ ബാസിഗറിലെ നായികയായി സംവിധായ ജോടികളായ അബാസ് മസ് താൻ ആദ്യം ക്ഷണിച്ചതും ശ്രീദേവിയായിരുന്നു. ഇന്ദ്രകുമാറിന്റെ ബേട്ടയിൽ അനിൽ കപൂറിന്റെ നായികയായി ആദ്യം പരിഗണിച്ചിരുന്നതും ശ്രീദേവിയെയായിരുന്നു.
അനിൽ കപൂറിന്റെ നായികയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതിനാലാണ് ബേട്ടയോടും ശ്രീദേവി നോ പറഞ്ഞത്.
പ്രശസ്തിയുടെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ പതിവ് പോലെ ശത്രുക്കളും പെരുകി. തന്റെ സമശീർഷയായിരുന്നു ഇൻഡസ്ട്രിയിൽ ശ്രീദേവിയുടെ ഏറ്റവും വലിയ എതിരാളികളിലൊരാൾ. നേർക്കുനേർ കണ്ടാൽ പോലും മിണ്ടാത്തത്ര ശത്രുതയിലായിരുന്നു താരറാണിമാർ ഇരുവരും.
ശ്രീദേവിയുടെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ നാഗിന ജയപ്രദ അഭിനയിക്കേണ്ടിയിരുന്ന ചിത്രമാണ്. പാമ്പുകളോടുള്ള പേടികാരണമാണ് ജയപ്രദ നാഗിനയിൽ നിന്ന് പിന്മാറിയത്. സൂപ്പർതാരങ്ങളായ രാജേഷ് ഖന്നയും ജിതേന്ദ്രയും മക്‌സദ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ഇരുവരും തമ്മിലുള്ള പിണക്കം മാറ്റാൻ ഏറെ ശ്രമിച്ചെങ്കിലും നായികമാർ അടുത്തില്ല. പിന്നീടൊരിക്കലും ആരും ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പിണക്കം മാറ്റാൻ മുൻകൈ എടുത്തതേയില്ല.
ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയ വിവാദം വിഹിതനായ ബോണികപൂറുമായുള്ള വിവാഹത്തെച്ചൊല്ലിയുള്ളതായിരുന്നു.
ബോളിവുഡിൽ തന്റെ കരിയർ കരുപിടിപ്പിക്കാനായി മുംബയിലെത്തിയ ശ്രീദേവിക്ക് കിട്ടിയ ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു മോനാകപൂർ. ചില കാരണങ്ങളാൽ തന്റെ വീട് വിട്ടിറങ്ങേണ്ടിവന്ന ശ്രീദേവിക്ക് ആശ്രയമായത് മോനാകപൂറാണ്. തന്റെ വീട്ടിൽ താമസിക്കാൻ മോനാകപൂർ ശ്രീദേവിയെ ക്ഷണിച്ചു. അന്ന് ബോണികപൂറുമായി ലിവിംഗ് ടു ഗെദർ റിലേഷൻ ഷിപ്പിലായിരുന്നു മോനാകപൂർ. പരിചയപ്പെട്ട നാളുകളിൽ സഹോദര തുല്യനായിരുന്നു ശ്രീദേവിക്ക് ബോണികപൂർ. മോനാകപൂർ സുഹൃത്തിനേക്കാളുപരി സഹോദരിയെപ്പോലെയും. പക്ഷേ ബോണികപൂറും ശ്രീദേവിയും തമ്മിൽ പ്രണയിച്ച് തുടങ്ങിയതെന്നാണ് ! അത് ഇന്നും ആർക്കുമറിയാത്ത രഹസ്യം. ബോണികപൂർ മോനാകപൂറിനെ ഉപേക്ഷിക്കാൻ കാരണക്കാരിയായതിന്റെ പേരിൽ അന്ന് ബോളിവുഡിൽ ശ്രീദേവി പലരുടെയും വെറുപ്പിനും വിദ്വേഷത്തിനും പാത്രമായി. കുറച്ചുകാലം ശ്രീദേവി സിനിമയിൽനിന്നുതന്നെവിട്ടുനിന്നു. അഭിനേത്രിയായ ജാൻവി കപൂറാണ് ബോണിയുടെയും ശ്രീദേവിയുടെയും മകൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ശ്രീദേവി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
അഭിനയത്തോട് അദമ്യമായ അർപ്പണ മനോഭാവം പുലർത്തിയിരുന്ന അഭിനേത്രിമാർ ശ്രീദേവിയെപ്പോലെ ഇന്ത്യൻ സിനിമയിൽ അധികമില്ല. 1991 -ൽ ലംഹേ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു ശ്രീദേവിയുടെ അച്ഛന്റെ മരണം. ഷൂട്ടിംഗ് മുടങ്ങാതിരിക്കാനും താൻ കാരണം മറ്റാർക്കും ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും ലൊക്കേഷനിൽ നിന്ന് ഒറ്റ ദിവസത്തെ അവധിയെടുത്ത് തൊട്ടടുത്തദിവസംതന്നെ വീണ്ടും അഭിനയിച്ച് തുടങ്ങിയ പ്രൊഫഷണലിസത്തിന്റെ പേരാണ് ശ്രീദേവി. ആ ദിവസം ചിത്രീകരിച്ചത് ശ്രീദേവിയുടെ ഒരു കോമഡി രംഗമായിരുന്നു ചിത്രീകരിച്ചതെന്നത് മറ്റൊരു വൈരുദ്ധ്യം.
2018 ഫെബ്രുവരിയിൽ മൂത്ത മകൾ ജാൻവിയുടെ 21-ാം പിറന്നാളാഘോഷത്തിന് ദുബായിലേക്ക് പോയ ശ്രീദേവി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
മരണമില്ലാത്ത കഥാപാത്രങ്ങൾ അവശേഷിപ്പിച്ച ശ്രീദേവി യാത്രയായിട്ട് ഇന്ന് മൂന്നുവർഷം.