bus

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനകളുടെ സമരത്തെ തുടർന്ന് പണിമുടക്കിൽ വെഞ്ഞാറമൂട് - വെമ്പായം - കല്ലറ - കിളിമാനൂർ മേഖലകളിൽ യാത്രക്കാർ വലഞ്ഞു.

സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്മെന്റ് യാത്രക്കാർക്ക് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ വെഞ്ഞാറമൂട്ടിൽ നിന്നും ഒൻപത് സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കിളിമാനൂരിൽ നിന്ന് ഒരു ബസ് പോലും സർവീസ് നടത്തിയില്ല. യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയതൊഴിച്ചാൽ സ്കൂളുകളും, കോളേജുകളും, ഗവൺമെന്റ് ഓഫീസുകളും എല്ലാം തുറന്ന് പ്രവർത്തിച്ചിരുന്നു. മിക്കയിടത്തും ഹാാജർ നില കുറവായിരുന്നു.

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പുതിയ കമ്പനിയായി സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. മെക്കാനിക്ക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കു ചേർന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തില്ല.