1

നെയ്യാറ്റിൻകര: നെയ്യാറിലെ മരുത്തൂർ തോട്ടിൽ മാലിന്യവും മലിനജലവും നിറഞ്ഞതിനെ തുടർന്ന് ദുരിതത്തിലായി പ്രദേശവാസികൾ. കുളിക്കാനും വസ്ത്രം അലക്കാനും കഴിയാതെ പൊറുതി മുട്ടി ഇവർ പരാതിപ്പെട്ടിട്ടും നടപടി എടുക്കാൻ തയാറാകെ അധികൃതർ.

ഭക്ഷണ അവശിഷ്ടങ്ങൾ, ഇറച്ചി മാലിന്യങ്ങൾ, സർവീസ് സ്റ്റേഷനുകളിൽ നിന്നും പുറം തള്ളുന്ന ഓയിലുകളുമാണ് തോടിനെ മാലിന്യ വാഹിനിയാക്കിയത്. ടൗണിലെയും ചന്തയിലെയും പരിസരത്തെയും മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്.

മൂക്കുന്നിമലയുടെ കിഴക്കുഭാഗത്ത് നിന്ന് ഉത്ഭവിച്ച് നെയ്യാർ കൂട്ടപ്പന തോടുമായി യോജിച്ച് നെയ്യാറിന്റെ പിരായുംമൂട്ടിലാണ് ഈ തോട് എത്തിച്ചേരുന്നത്. മരുത്തൂർ പാലം വരെ തെളിഞ്ഞ ജലമാണ് ഒഴുകി വരുന്നത്. അത് കഴിഞ്ഞെത്തുന്ന ജലമാണ് മലിനമായി ഒഴുകുന്നത്.

നഗരത്തിന്റെ ശാപമാണ് മാലിന്യങ്ങൾ നിറഞ്ഞ ഈ തോട്. നെയ്യാറ്റിൻകര ടൗണിന് അകലെ നിന്നുമുള്ള വരൾച്ച ബാധിത പ്രദേശങ്ങളിലുള്ളവരാണ് മരുത്തൂർ തോട്ടിലെത്തി കുളിക്കുകയും വസ്ത്രം അലക്കുകയും ചെയ്തിരുന്നത്. തോട് മാലിന്യവാഹിനിയായതോടുകൂടി ഇവർ നെയ്യാറിലെ കടവുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണിപ്പോൾ. നെയ്യാർ കടവുകൾ മണലെടുത്ത കയങ്ങളായി മാറിയതിനാൽ അവിടെ ഇറങ്ങി കുളിക്കാനും വസ്ത്രമലക്കാനും ഭയപ്പെടുകയാണ് പ്രദശവാസികൾ.

മരുത്തൂർ തോട് മാലിന്യ വിമുക്തമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.