വർക്കല: വർക്കല നഗരസഭയിൽ 2021 - 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബഡ്ജറ്റ് അവതരണ യോഗം ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു. യു.ഡി.എഫ് അംഗങ്ങൾ ബഡ്ജറ്റിനെ അനുകൂലിച്ചു. 65.10 കോടി വരവും 59.30 കോടി ചെലവും 5.80 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭ ചെയർമാൻ കെ.എം. ലാജിയുടെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി ഭരണസമിതിയുടെ ആദ്യ ബ‌ഡ്ജറ്റ് അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഒരു കോടി, തെരുവുവിളക്ക് പരിപാലനത്തിന് 55 ലക്ഷം, കാർഷിക മേഖലയ്ക്ക് 71 ലക്ഷം, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1.92 കോടി, വർക്കല താലൂക്കാശുപത്രി - ഹോമിയോ ആശുപത്രി വികസനത്തിന് നാല് കോടി, ഭവന പദ്ധതികൾക്ക് 10 കോടി, വിദ്യാഭ്യാസ മേഖലയ്ക്ക് 38 ലക്ഷം, മൃഗസംരക്ഷണത്തിന് 29 ലക്ഷം, മത്സ്യമേഖലയ്ക്ക് 18 ലക്ഷം, ജലസംരക്ഷണത്തിന് 43 ലക്ഷം, സാമൂഹിക സുരക്ഷാ പെൻഷന് 10 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 8.50 കോടി, കുടുംബശ്രീക്ക് 20 ലക്ഷം,
വയോജന ക്ഷേമത്തിന് 19 ലക്ഷം എന്നിവയ്ക്കാണ് തുക ഉൾപ്പെടുത്തിയിട്ടുള്ളത്. ചർച്ചകൾക്ക് ശേഷം ബഡ്ജറ്റ് പാസാക്കി.