
വർക്കല: റേഷൻ വ്യാപാരിയെ കാർഡ് ഉടമ മർദ്ദിച്ചതിനെ തുടർന്ന് താലൂക്കിലെ റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. താലൂക്ക് സപ്ലൈ ഓഫീസിനുമുന്നിൽ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും നടത്തി. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് പ്രദീപ് കുമാർ ധർണ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ശ്രീകണ്ഠൻ നായർ, ട്രഷറർ സൈനുലാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെ പേരേറ്റിൽ മൂങ്ങോട് കൂട്ടിക്കടയിലെ റേഷൻ വ്യാപാരി ഗ്രേഷ്യസിനെ മെഷീനിൽ വിരൽ പതിയാത്തതിനെ തുടർന്നാണ് കാർഡ് ഉടമ മർദ്ദിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മർദ്ദിച്ചയാളെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് പ്രദീപ് കുമാർ അറിയിച്ചു.