
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ വരുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കുന്നവർക്ക് പകരം പുതിയവരെ സ്ഥാനക്കയറ്റത്തിലൂടെ നിയമിച്ച് ഉത്തരവിറക്കിയത് വിവാദമായി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരും മുമ്പ് ധൃതി പിടിച്ചുള്ള നടപടി,തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പ് വരുത്താനാണെന്നാണ് ഉത്തരവിലുള്ളത്.
മേയ് 31ന് വിരമിക്കുന്ന ന്യൂഡൽഹിയിലെ കെ.എസ്.ഇ.ബി ലെയ്‌സൺ ഓഫീസറുടെ തസ്തികയിലേക്ക് ഇടുക്കി ചിത്തിരപുരം ഇലക്ട്രിക്കൽ സബ് ഡിവിഷനിലെ ഡെന്നീസ് രാജനെ നിയമിച്ചാണ് ആദ്യ ഉത്തരവ് .പിന്നാലെ, കെ-ഫോൺ കമ്പനിയുടെ ചുമതലക്കാരനായി കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഡെപ്യൂട്ടേഷനിലുള്ള ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ. മോസസ് രാജ്കുമാറിന് ചീഫ് എൻജിനിയറായി സ്ഥാനക്കയറ്റം നൽകി. മാർച്ച് ഒന്നു മുതലാണ് ഉത്തരവിന് പ്രാബല്യം.
തൃശൂർ ഇലകട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി.ബി. സിദ്ധാർത്ഥന് കണ്ണൂർ ഡിസ്ട്രിബ്യൂഷൻ വിഭാഗം ചീഫ് എൻജിനിയറായും, ഡിസ്ട്രിബ്യൂഷൻ ഡയറക്ടററുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി.വി. മോഹൻകുമാറിന് ഐ.ടി. ചീഫ് എൻജിനിയറായും ,ഒമ്പത് എക്‌സിക്യുട്ടീവ് എൻജിനിയർമാർക്ക് ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരായും സ്ഥാനക്കയറ്റം നൽകി. എല്ലാ ഉത്തവുകളും ഏപ്രിൽ, മേയ് മാസങ്ങളിലേ പ്രാബല്യത്തിൽ വരു.ഏപ്രിലിൽ ഒഴിവു വരുന്ന അഞ്ച് പ്രധാന തസ്തികകളിൽ മുൻകൂർ നിയമനം നടത്തിയിട്ടുമില്ല. ഇതിൽ ചീഫ് എൻജിനിയറുടെ മുഴുവൻ ചുമതലയുള്ള ഭരണപക്ഷത്തെ വിശ്വസ്തനായ ഡെപ്യൂട്ടി ചീഫ് എൻജിനീയറും ഉൾപ്പെടുന്നു.
കെ.എസ്.ഇ.ബിക്ക്
നഷ്ടമില്ലെന്ന്
പ്രൊമോഷൻ ഉത്തരവ് കൊണ്ട് കെ.എസ്.ഇ.ബിക്ക് സാമ്പത്തികമായി നഷ്ടമൊന്നുമില്ലെന്ന് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ഒഴിവുകളുണ്ടാകുമ്പോഴേ ഉത്തരവ് പ്രാബല്യത്തിലാവൂ. ഇതിൽ ചട്ടലംഘനമില്ലെന്നും അദ്ദേഹം പറഞ്ഞു.