
തിരുവനന്തപുരം: കണ്ണേ കരളെ രാഹുൽ ജി...പൊന്നേ മുത്തേ രാഹുൽ ജി...ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളനത്തിന് ഉദ്ഘാടകൻ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ശംഖുംമുഖം തീരത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ആവേശത്തിര അലയടിച്ച തീരത്ത് ഉച്ചമുതൽ പ്രവർത്തകരെത്തിയിരുന്നു. പൊരിവെയിലത്തും നേതാക്കൾക്കായി മണിക്കൂറുകൾ കാത്തിരുന്ന പ്രവർത്തകർ ഒരോരുത്തരെയും ചടുലമായ മുദ്രാവാക്യങ്ങളോടെയാണ് വരവേറ്റത്. രാഹുൽ ഗാന്ധിയുടെയും നേതാക്കളുടെയും പ്രസംഗങ്ങൾ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. പിടിച്ചെടുക്കും കേരളം എന്ന ബാനർ ഉയർത്തിയാണ് നേതാക്കൾക്ക് പ്രവർത്തകർ മറുപടി നൽകിയത്. വൈകിട്ട് നാലോടെ എം.പിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗങ്ങൾ ആരംഭിച്ചു. തിങ്ങിനിറഞ്ഞ പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് നന്നായി വലഞ്ഞു. ബാരിക്കേഡ് ഉയർത്തി നിയന്ത്രിച്ചിരുന്ന തീരം പൊലീസ് തന്നെയാണ് ഇന്നലെ തുറന്നു നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ ആവേശ തിരയടിയിൽ ഒലിച്ചുപ്പോയപ്പോൾ ശംഖുംമുഖം തീരവും റോഡും സാക്ഷിയായത് പതിനായിരങ്ങളുടെ കൂടിച്ചേരലിനായിരുന്നു. സമ്മേളനത്തിനുശേഷം പ്രവർത്തകർ മടങ്ങാൻ തിരക്ക് കൂട്ടിയതോടെ ഇടറോഡുകളിലടക്കം മണിക്കൂറുകൾ വാഹന ഗതാഗതം താറുമാറായി.
പ്രവർത്തകരെത്തിയത്
വിവിധ ജില്ലകളിൽ നിന്നും
കാസർകോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നടക്കം പ്രവർത്തകർ ഐശ്വര്യ കേരള യാത്രയ്‌ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയിരുന്നു. തലസ്ഥാനത്ത് നിന്ന് വിവിധ മേഖലകളായി തിരിഞ്ഞായിരുന്നു പ്രവർത്തകരെത്തിയത്. ഉച്ചമുതൽ വലിയതുറ, വള്ളക്കടവ്, ചാക്ക ഓൾസെയിന്റ്സ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കച്ചവടം ഉഷാർ
കാെവിഡ് ഇടവേളയ്‌ക്ക് ശേഷം വിരുന്നെത്തിയ ആദ്യ സമ്മേളനം ശംഖുംമുഖം തീരത്തെ വഴിയോരക്കച്ചവടക്കാർക്ക് ചാകരയായിരുന്നു. ശംഖുംമുഖത്തിന്റെ തനത് വിഭവങ്ങളെല്ലാം ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ചിലയിടത്ത് തട്ടുകടകളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു.