rahul-

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ സീനിയോറിറ്റി മാത്രം കണക്കാക്കിയാൽ പോരെന്നും അതംഗീകരിക്കുമ്പോഴും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയോഗത്തിൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. ഉമ്മൻചാണ്ടി അദ്ധ്യക്ഷനായുള്ള മേൽനോട്ടസമിതി യോഗത്തിലും യു.ഡി.എഫ് യോഗത്തിലും രാഹുൽ ഇക്കാര്യം പറഞ്ഞു. രണ്ട് യോഗങ്ങളും ഇരുപത് മിനിട്ടിനകം അവസാനിച്ചു.

നിലവിൽ മത്സരിച്ച മുഴുവൻ പേരെയും ഒഴിവാക്കണമെന്ന് അഭിപ്രായമില്ല. എന്നാൽ പാർട്ടിക്ക് കൂടുതൽ പുതുമുഖങ്ങളെ കൊണ്ടുവരാനാകണം. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണം. ഇതേവരെയുണ്ടായ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നേതാക്കൾ യോഗത്തിൽ വിവരിച്ചു.തിരഞ്ഞെടുപ്പുകാലത്ത് നേതാക്കൾ ഒരുമിച്ച് നിൽക്കണമെന്നും പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു. വി.എം. സുധീരൻ ഒഴിച്ചുള്ള നേതാക്കളെല്ലാം സമിതിയോഗത്തിൽ പങ്കെടുത്തു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഉയർത്തിക്കൊണ്ടുവരാനായത് യു.ഡി.എഫിന് ഗുണകരമായെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം തുടർന്നും ശക്തമായ പ്രചാരണായുധമാക്കാനും ധാരണയായി. മാർച്ച് ആദ്യത്തോടെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.

സി.പി.എം - ബി.ജെ.പി ധാരണ തുറന്നുകാട്ടിയുള്ള പ്രചാരണമുണ്ടാവണം

സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി ധാരണയുണ്ടെന്ന് തുറന്നു കാട്ടാനുള്ള പ്രചാരണം സജീവമാക്കണമെന്നനിർദ്ദേശം യു.ഡി.എഫ് യോഗത്തിൽ ചില ഘടകകക്ഷിനേതാക്കളുയർത്തി. തുടർന്നാണ് ശംഖുംമുഖത്തെ ഐശ്വര്യ കേരളയാത്രാ സമാപനസമ്മേളനത്തിൽ രാഹുൽഗാന്ധി സർക്കാരിനെ കടന്നാക്രമിച്ചത്.

പുതുമുഖ സ്ഥാനാർത്ഥികൾക്ക് പിന്തുണതേടി രാഹുൽഗാന്ധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കുന്നതിൽ ഘടകകക്ഷികളും സഹകരിക്കണമെന്ന് യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഹുൽ, അതിനുമുമ്പ് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രത്യാശ രാഹുൽ പങ്കുവച്ചു. കുറേ പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജയസാദ്ധ്യതയ്ക്കായിരിക്കും മുന്തിയ പരിഗണന. യുവാക്കൾക്കും വനിതകൾക്കും അവസരം നൽകും. വ്യക്തികളെ നോക്കി സീറ്റ് നൽകുന്ന രീതിയുണ്ടാവില്ല. എല്ലാവരും അത് ഉൾക്കൊള്ളണം. അതിനോട് ഘടകകക്ഷികൾ സഹകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ഘടകകക്ഷികൾ രാഹുലിന് ഉറപ്പ് നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ കുറേക്കൂടി കേരളത്തിൽ പതിയണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ ജില്ലകളിലും രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. അത്തരത്തിലുള്ള എല്ലാ സഹകരണവുമുണ്ടാകുമെന്ന് രാഹുൽ മറുപടി നൽകി. ഈ മാസം 26 മുതൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.