
തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ മണക്കാട് ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ശാസ്‌താവ് സഹോദരിയായ ദേവിയെ കാണാൻ വരുന്നുവെന്നതാണ് ഈ ചടങ്ങിന്റെ സങ്കല്പം. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് ഒഴിവാക്കി കാൽനടയായിട്ടാണ് ചടങ്ങുകൾ നടത്തിയത്. ക്ഷേത്രത്തിന് മുന്നിൽ വച്ച് ട്രസ്റ്റ് ഭാരവാഹികൾ ഘോഷയാത്രയെ സ്വീകരിച്ചു. നാളെ രാവിലെ ഏഴിന് മാത്രമേ ക്ഷേത്രനട തുറക്കുകയുള്ളൂ. തുടർന്ന് പള്ളിയുണർത്തൽ, നിർമ്മാല്യം എന്നിവ നടത്തും. അധികാരത്തിന്റെ ലഹരിയിൽ പാണ്ഡ്യരാജാവ് കോവലനെ ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി വധിക്കുന്ന ഭാഗമാണ് തോറ്റം പാട്ടിൽ ഇന്ന് അവതരിപ്പിക്കുന്നത്. ഇതിന്റെ ദുഃഖസൂചകമായാണ് നാളെ രാവിലെ വൈകി നടതുറക്കുന്നത്. ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാ നഗരിയിലെ സ്വർണപ്പണിക്കാരൻ താൻ ചെയ്‌ത കുറ്റം മറച്ചുവയ്ക്കാൻ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസിലെത്തിക്കുന്ന ഭാഗമാണ് തോറ്റംപാട്ടിൽ ഇന്നലെ പാടിയത്. വരുംദിവസങ്ങളിൽ ഭക്തർക്കൊപ്പം വിളക്കുകെട്ടുകളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസൃതമായ ഒരുക്കങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. അംബാ, അംബാലികാ എന്നീ ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികളും യുവപ്രതിഭകളുടെ നൃത്തസംഗീത പരിപാടികളും നടക്കുന്നുണ്ട്. 27നാണ് പൊങ്കാല.