rahul-gandhi

തിരുവനന്തപുരം: സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റെയും കൊടി പിടിച്ചാൽ എന്തു കുറ്റവും ചെയ്യാമെന്ന സ്ഥിതിയാണ് കേരളത്തിലിപ്പോഴെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇടതിന്റെ ഭാഗമാണെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണ്ണക്കടത്ത് വരെ ചെയ്യാമെന്ന അവസ്ഥയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഇടതുപക്ഷത്തിന്റെ കൊടിപിടിക്കാത്ത ചെറുപ്പക്കാർ തൊഴിലിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കണം. നിരാഹാരം കിടന്ന് മരിച്ചാലും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. അവരുടെ കൊടിപിടിക്കുന്ന ആൾക്കാരാണ് സമരം നടത്തിയിരുന്നതെങ്കിൽ മുഖ്യമന്ത്രി എത്തി സംസാരിച്ചേനേ. അർഹതയില്ലാത്തവർക്ക് പോലും ജോലി നൽകിയേനേ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെയും കസ്റ്റംസിന്റെയും അന്വേഷണം ഇഴയുകയാണ്.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? യുവാക്കൾക്ക് വേണ്ടിയോ അതോ പാർട്ടിക്ക് വേണ്ടിയോ? ബുദ്ധിയും മികവുമുള്ള യുവാക്കളാണ് കേരളത്തിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് തൊഴിൽ കിട്ടുന്നില്ല? ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ മത്സ്യത്തൊഴിലാളികളും വഞ്ചിക്കപ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമാണ് സർക്കാർ ഇല്ലാതാക്കുന്നത്.

ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിരിട്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്. അതിനാൽ അവർ എപ്പോഴും എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കാൻ കേരള സർക്കാർ തയ്യാറാവുന്നില്ല. അങ്ങനെ ചെയ്താൽ തിരിച്ച് ആക്രമിക്കുമെന്ന് ഭയക്കുന്നു. പക്ഷേ, കോൺഗ്രസ് കേന്ദ്രത്തിനെതിരായ പോരാട്ടം തുടരും. അവരുടെ ആക്രമണത്തെ കോൺഗ്രസ് ഭയക്കുന്നില്ല. എന്നാൽ ഇടതിന്റെ അക്രമപാത ഒരിക്കലും സ്വീകരിക്കുകയില്ല.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ സ്വാഗതം പറഞ്ഞു.

ജനം ആഗ്രഹിക്കുന്ന പ്രകടന പത്രിക

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങളുടേതായ പ്രകടന പത്രികയാണ് യു.ഡി.എഫ് തയ്യാറാക്കുക. ജനങ്ങൾ ആഗ്രഹിക്കുന്നത് എന്തെന്ന് അറിയാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കേരളത്തിലെ ജനങ്ങളുടെ ശബ്ദം പ്രതിനിധീകരിക്കുന്ന വികസന രേഖയാവും വരിക.പണച്ചെലവില്ലാത്ത ചികിത്സയും എല്ലാവർക്കും ഇൻഷ്വറൻസും നടപ്പാക്കും. മത്സ്യതൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കുന്ന ഒറ്റവരിയും പത്രികയിൽ ഉണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയത്തിന് മാറ്റം വരണം .സാധാരണക്കാർക്കും ദരിദ്രർക്കും വേണ്ടിയുള്ള രാഷ്ട്രീയമാവും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിലവിൽ വരികയെന്നും രാഹുൽഗാന്ധി പറഞ്ഞു.