rahul-gandhi-

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ഉദ്യോഗാർഥികൾ നടത്തുന്ന അതിജീവന സമരത്തിന്‌ ഐക്യദാർഢ്യവുമായി സമരപ്പന്തലുകളിൽ രാഹുൽ ഗാന്ധിയെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപ്രതീക്ഷിതമായി സമരകേന്ദ്രങ്ങൾ സന്ദർശിച്ചത്. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സി വേണുഗോപാൽ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപം സമരം നടത്തുന്ന സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സിന് സമീപമായിരുന്നു രാഹുൽ ആദ്യമെത്തിയത്. മുദ്രാവാക്യങ്ങളോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ നേതാവിനെ സമരപ്പന്തലുകളിലേക്ക് ആനയിച്ചത്.
പട്ടുപുതച്ച് നെഞ്ചിൽ റീത്തും വച്ച് റോഡിൽ കിടന്ന് പ്രതീകാത്മ സമരം നടത്തിയ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവരുടെ സങ്കടം രാഹുൽ കേട്ടു. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിൽ എട്ട് മാസത്തോളമാണ് നഷ്ടമായതെന്നും ഇതു പരിഹരിക്കാൻ അനുകൂല സമീപനം ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

തുടർന്ന് ഫോറസ്റ്റ് വാച്ചർ റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തലാണെത്തിയത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിനും അദ്ദേഹം ഐക്യദാർഢ്യമർപ്പിച്ചു. റാങ്ക് ഹോൾഡേഴ്‌സ് സമരം അവസാനിച്ചെന്ന ധാരണയിൽ മുന്നോട്ട് നടക്കുന്നതിനിടെയാണ് പി.സി. വിഷ്ണുനാഥാണ് എൽ.ജി.എസുകാരടക്കം സമരംകിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. എൽ.ജി.എസുകാരുടെ വിഷയങ്ങൾ കേൾക്കാൻ തിരികെ നടന്ന് അവർക്കരികിലേക്ക്.

വിഷയം ഗൗരവമുള്ളതാണെന്നും കേരളത്തിലെ തൊഴിൽ സമരങ്ങൾ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നും കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്‌മ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം സമരക്കാേരാട് പറഞ്ഞു.

പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ സമരപ്പന്തലിലും ഉദ്യോഗാർഥികളുടെ സമരത്തിന്‌ ഐക്യദാർഢ്യമർപ്പിച്ച് സമരം നടത്തുന്ന അശ്വതി ജ്വാലയുടെ അടുത്തും പോയ ശേഷമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരമിരിക്കുന്ന സമരപ്പന്തലിലെത്തിയത്. സമരത്തിന് തുടക്കമിട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും പന്തലിൽ എത്തിയിരുന്നു. സമരം ശക്തമായി തുടരണമെന്ന് ആഹ്വാനവും നൽകിയയായിരുന്നു രാഹുലിന്റെ മടക്കം.