
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയ്ക്ക് കൂറ്റൻ സമ്മേളനത്തോടെ ഉജ്ജ്വല സമാപനം. ജനുവരി 31 ന് കാസർകോട്ട് തുടങ്ങി 22 ദിവസങ്ങളിൽ കേരളത്തിലെ എല്ലാജില്ലകളിലും പര്യടനം നടത്തിയ യാത്ര 21ന് പാറശ്ശാലയിലാണ് സമാപിച്ചത്.
സംസ്ഥാനത്ത് കോൺഗ്രസിനും യു.ഡി.എഫിനും അതിരറ്റ ഊർജ്ജം നൽകുന്നതായിരുന്നു സമാപന സമ്മേളനം. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ട് പോലും ശംഖുംമുഖം കടപ്പുറത്ത് നോക്കെത്താ ദൂരത്തോളമാണ് പ്രവർത്തകർ തടിച്ചുകൂടിയത്. എരിപൊരി കൊള്ളുന്ന വെയിൽ വകവയ്ക്കാതെ ഉച്ച കഴിഞ്ഞതു മുതൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. യുവതീ-യുവാക്കളുടെ പ്രാതിനിധ്യവും എടുത്തു പറയേണ്ടതായി.
കൂറ്റൻ വേദിയിൽ സംസ്ഥാനത്തെ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം വളരെ നേരത്തെ എത്തി കാത്തിരുന്നു. കടപ്പുറത്തേക്കുള്ള മിക്ക പാതകളും വാഹനബാഹുല്യത്തിലമർന്നു. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നുപോലുമുള്ള പ്രവർത്തകർ ആവേശത്തോടെയാണ് മൂവർണ്ണ കൊടികളുമേന്തി സമ്മേളന സ്ഥലത്തേക്ക് എത്തിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ രാഹുൽ ഗാന്ധി തലസ്ഥാനത്തെത്തി. യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് ആറു മണിക്കാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. എന്നാൽ അതിനും എത്രയോ മുമ്പെ ഘടകകക്ഷി നേതാക്കൾ പ്രസംഗിച്ചു തുടങ്ങി. ആഴക്കടൽ മത്സബന്ധന കരാറുമായി ബന്ധപ്പെട്ട വിഷയമാണ് മിക്കവരും പ്രസംഗത്തിന്റെ ഹൈലൈറ്റാക്കിയത്. വേദിയിലേക്ക് രാഹുൽ എത്തിയപ്പോൾ എഴുന്നേറ്റു നിന്നാണ് മറ്റു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാന നേതാക്കളെല്ലാം പ്രസംഗിച്ച ശേഷമായിരുന്നു രാഹുൽ പ്രസംഗം തുടങ്ങിയത്.